സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ

സംസ്ഥാനത്ത് 5 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും (28, 24) അൽബാനിയയിൽ നിന്നുമെത്തിയ ഒരാൾക്കും (35) നൈജീരിയയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്. ( kerala reports 5 more omicron cases )
യുകെയിൽ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ (21) ബാംഗളൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്ക പട്ടികയിലുണ്ട്.
Read Also : ഒമിക്രോൺ : ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബാംഗ്ലൂർ എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
Story Highlights : kerala reports 5 more omicron cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here