വിടവാങ്ങിയത് ഏറ്ററവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ

ദേശീയ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു കെ എസ് സേതുമാധവൻ. സത്യൻ മികച്ച വേഷങ്ങളിലെത്തിയ ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ബാലൻ കെ നായർക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഓപ്പോൾ, ജയചന്ദ്രന് സുപ്രഭാതം എന്ന പാട്ടിലൂടെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പണി തീരാത്ത വീട് എന്നിങ്ങനെ സേതുമാധവന്റെ സംവിധാനമികവിൽ മലയാള ചലച്ചിത്രം ദേശീയ പുരസ്‌കാര വേദികളിൽ നിറഞ്ഞു നിന്നിരുന്നു. ( ks sethumadhavan profile )
കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ജ്ഞാനസുന്ദരി എന്ന ചിത്രത്തിലൂടെയാണ് സോതുമാധവന്റെ പടയോട്ടം ആരംഭിക്കുന്നത്. ഏറ്ററവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനായിരുന്നു അദ്ദേഹം. മലയാളത്തനിമ സിനിമയിൽ പകർത്താൻ കഴിഞ്ഞുവെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931 ലാണ് സേതുമാധവൻ ജനിച്ചത്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയാണ് സിനിമയിൽ എത്തിയത്. എൽവി പ്രസാദ്, എഎസ്എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു.
Read Also : പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു
1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെയാണ് സേതുമാധവൻ സ്വതന്ത്ര സംവിധായകനാകുന്നത്. 1960 മുതൽ 1995 വരെയുള്ള കാലമായികരുന്നു സേതുമാധവൻ സിനിമയിൽ സജീവമായിരുന്നത്. 1961 ലാണ് ജ്ഞാനസുന്ദരി സംവിധാനം ചെയ്യുന്നത്. പിന്നീട് നിത്യ കന്യക, സുശീല, മണവാട്ടി, ഓമനക്കുട്ടൻ, ഓടയിൽ നിന്ന്, അർച്ചന, സ്ഥാനാർത്ഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, അടിമകൾ, കടൽപ്പാലം, അര നാഴിക നേരം, വാഴ്വേ മായം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.
1965 ലാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. ഓടയിൽ നിന്ന് എന്ന സിനിമയ്ക്കായിരുന്നു പുരസ്‌കാരം. പിന്നീട് ഒൻപത് തവണ അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരമെത്തി. 1972 ൽ രണ്ട് ദേശീയ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന പുരസ്‌കാരവും 2009 ൽ ജെ.സി ഡാനിയേൽ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മലയാള സിനിമാ ലോകത്തിന്റെ സ്വർണ ഏടാണ് സേതുമാധവന്റെ സിനിമാകാലം. സേതുമാധവൻ എന്നും മലയാളികളുടെ മനസിൽ അഴകുള്ള ഓർമയായി നിൽക്കും.
Story Highlights : ks sethumadhavan profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here