Advertisement

പണ്ടൊക്കെ വിഷമിച്ചു, ഇന്നോർക്കുമ്പോൾ വേണ്ടായിരുന്നുവെന്ന് തോന്നി; വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഇന്ദ്രൻസ്

December 25, 2021
2 minutes Read

‘സുരേന്ദ്രൻ കൊച്ചുവേലു’, ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ അറിയാത്തവരായി ആരുമുണ്ടാവില്ല. മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഈ കലാകാരൻ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. സിനിമയിലും ജീവിതത്തിലും ഒരു പച്ചയായ മനുഷ്യൻ. അപൂർവമെങ്കിലും ആഘോഷ വേളകൾ കുടംബത്തോടപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഇന്ദ്രൻസ് ഇത്തവണയും പതിവുതെറ്റിച്ചില്ല. ഈ ക്രിസ്മസിനും അദ്ദേഹം കുടുംബത്തോടൊപ്പമുണ്ട്. തൻ്റെ കുഞ്ഞു ‘ഹോമി’ലെ വലിയ വിശേഷങ്ങലാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.

ഇന്ദ്രൻസിൻ്റെ 2021 എങ്ങനെ ഉണ്ടായിരുന്നു?

പൊതുവെ ഈ വർഷം സന്തോഷം നിറഞ്ഞതാണെന്ന് പറയാൻ കഴിയില്ല. കൊവിഡ് ഇപ്പോഴും നമുക്ക് ഒരു ഭീഷണിയായി നിൽപ്പുണ്ട്. സിനിമ മാത്രമല്ല എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. പരിമിധിക്കുള്ളിൽ നിന്ന് കുറച്ച് സിനിമകൾ ചെയ്തു. സിനിമകൾ വിജയിക്കുമ്പോൾ സന്തോഷം… ചുരുക്കത്തിൽ കഴിഞ്ഞ വർഷങ്ങളെ പോലെയായിരുന്നില്ല ഈ 2 കൊല്ലങ്ങൾ.

2021ലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണ്?

‘ഹോം’ ആണ്… കാരണം സാധാരണ വരുന്നത് പോലെ, ഒരു വേഷമുണ്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.. സ്ക്രിപ്റ്റ് തന്നു. കഥ വായിച്ചതുമുതൽ ചെയ്യണം എന്ന് ഒത്തിരി കൊതി തോന്നി. അപ്പോൾ മുതൽ മനസുകൊണ്ട് ആഗ്രഹിച്ചു. സാധാരണ ഒരു കഥാപാത്രം ചെയ്യാൻ ഒത്തിരി പരതി നടക്കുന്ന സ്വഭാവമുണ്ട് എനിക്ക്. എന്നാൽ ഒലിവർ ട്വിസ്റ്റ് ചെയ്യാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. നന്നായി ചെയ്യാൻ കഴിഞ്ഞു, പക്ഷേ സിനിമ നീണ്ട് നീണ്ട് പോയപ്പോൾ ഒരു ചെറിയ പേടി തോന്നി. എല്ലാം നന്നായി വന്നു, സിനിമയ്ക്ക് നല്ല അഭിപ്രായം ലഭിച്ചു. ഒത്തിരി ആളുകൾ വിളിച്ചു. ബന്ധങ്ങളുടെ വിലയാണ് ചിത്രം പറയുന്നത്. തലമുറ മാറുമ്പോൾ ഉണ്ടാകുന്ന വ്യസ്തസങ്ങൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ സിനിമ പങ്കുവെയ്ക്കുന്നു. നല്ലൊരു ചിത്രമായിരുന്നു ഹോം, അവസരം നൽകിയതിൽ സന്തോഷം….

സിനിമ കാണാൻ ഒ.ടി.ടിയാണോ തിയേറ്ററാണോ നല്ലത്?

എൻ്റെ അഭിപ്രായത്തിൽ തീയേറ്ററാണ് നല്ലത്. എല്ലാരും ഒരുമിച്ചിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണുമ്പോൾ ഒരു രസമാണ്. അതിൻ്റെ സുഖം വീട്ടിൽ ഇരുന്ന് കാണുമ്പോൾ ലഭിക്കില്ല. ശരിയാണ് ഒ.ടി.ടി നമ്മുടെ സൗകര്യം അനുസരിച്ച് കാണാം. പക്ഷേ ഒരു സിനിമ കാണാനിരിക്കുമ്പോൾ മറ്റ് ചിന്തകൾ ഒന്നുമില്ലാതെ വേണം കാണാൻ. ഒ.ടി.ടിയാകുമ്പോൾ പകുതിക്ക് നിർത്തിവെച്ച് ബാക്കി പിന്നീട് കാണാൻ പറ്റും, വീട്ടിൽ നടക്കുന്ന മാറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധമാറും. എന്നാൽ അതല്ല വേണ്ടത്.. സിനിമ ആസ്വദിക്കാൻ തിയേറ്റർ തന്നെയാണ് നല്ലത്.

പിന്നെ മറ്റൊരു കാര്യം മാറ്റങ്ങൾ അനിവാര്യമാണല്ലോ… പുതിയ രീതികൾ വരുന്നത് പുരോഗതിയുടെ ഭാഗമാണ്. ഈ പുതിയ മാറ്റങ്ങൾ നമ്മൾ സ്വീകരിക്കേണ്ടി വരും, അത് അങ്ങനെയാണല്ലോ പുതിയ കാര്യങ്ങൾ വാഴുമ്പോൾ ചിലത് മാറി കൊടുക്കും. അതാണ് വേണ്ടത്.. എന്നാലും തീയേറ്ററിൽ സിനിമ കാണാനാണ് എനിക്ക് ഇഷ്ട്ടം.

‘കുടക്കമ്പി’ എന്ന പേര് വിഷമം ഉണ്ടായിക്കോ?

ഞാൻ മൂന്ന് നേരം ഭക്ഷണം കഴിക്കും, ഇട സമയത്ത് ഒന്നും കഴിക്കാറില്ല. പക്ഷേ കഴിക്കുമ്പോൾ വയറ് നിറയെ കഴിക്കും. പിന്നെ എന്തോ ഞാൻ ഇങ്ങനെ തന്നെ ആണ്… പിന്നെ ആദ്യ കാലങ്ങളിൽ അൽപം വണ്ണം വേണം എന്നൊക്കെ തോന്നിയിരുന്നു. ജിമ്മിലൊക്കെ പോയിനോക്കി, പക്ഷേ ഒന്നും ശരിയായില്ല. ഈ പോരായ്മ കൊണ്ട് ഞാൻ ഇവിടെ വരെ എത്തി.. സമയം എടുത്തു, ഒത്തിരി പരീക്ഷണം നടത്തി എന്നാലും ഞാൻ ഹാപ്പിയാണ്. ഇന്ന് ഓർക്കുമ്പോൾ ഞാൻ ഇങ്ങനെയായതിൽ സന്തോഷമുണ്ട്. ഇത്രയെങ്കിലും ആയല്ലോ ഞാൻ.. പണ്ടൊക്കെ കുറച്ച് വിഷമിച്ചു, എന്നാൽ വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

2022 ലെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

ഇത് പോലെ തന്നെ നല്ല നല്ല പടങ്ങൾ ചെയ്യണം. ഹോമിലെ പോലെ നല്ല കഥാപാത്രങ്ങൾ ലഭിക്കുമായിരിക്കും.. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. എന്നെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് സംവിധായകർക്ക് തോന്നുന്ന വേഷങ്ങൾ ഉണ്ടെങ്കിൽ ചെയ്യും. പിന്നെ ഈ കൊവിഡ് ഓക്കേ മാറി എല്ലാം ശരിയാകും എന്ന് കരുതുന്നു. പ്രതിസന്ധികൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു…

Story Highlights : actor-indrans-sharing-his-experiences

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top