‘തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു’; പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് സാബു എം ജേക്കബ്
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പല തവണ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റെക്‌സില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സാബു എം ജേക്കബ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘ഇന്നലെ രാത്രിയോടെ ക്യാമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് കരോളിനായി ഇറങ്ങി. ആ സമയത്ത് തൊഴിലാളികളില്‍ ചിലര്‍ തന്നെ പരിപാടി തങ്ങളുടെ ഉറക്കം കളയുമെന്ന് പറഞ്ഞു. അതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും എത്താന്‍ കാരണം. വഴക്ക് തുടങ്ങിയപ്പോള്‍ത്തന്നെ ഇടപെട്ട സെക്യൂരിറ്റിക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അവരെ തടയാന്‍ പറ്റിയില്ല. സെക്യൂരിറ്റിയെയും സൂപ്പര്‍വൈസര്‍മാരെയും ഉപദ്രവിച്ചിരുന്നു. അവരെന്തോ ലഹരി ഉപയോഗിച്ചതാണെന്ന് മനസിലാക്കിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതാണ് നടന്നത്. അല്ലാതെ ആരോപണങ്ങള്‍ ഉയര്‍ന്നത് പോലെ കിറ്റെക്‌സിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സംഭവത്തിന് ഒരു ബന്ധവുമില്ല’ സാബു എം ജേക്കബ് പറഞ്ഞു.
മുപ്പതോ നാല്‍പതോ പേര്‍മാത്രമാണ് സംഘര്‍ഷമുണ്ടാക്കിയത്. ക്യാമ്പ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളെയല്ല. അക്രമം നടത്തിയത് ആരാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും അനുകൂലിക്കുന്ന നടപടി സ്വീകരിക്കില്ല. തൊഴിലാളികളുടെ കൈവശം ലഹരിവസ്തുക്കള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. ലഹരി എത്തിയത് എങ്ങനയെന്ന് വിശദമായ അന്വേഷണം വേണമെന്നും കിറ്റെക്‌സ് എംഡി വ്യക്തമാക്കി.
Read Also : പൊലീസിനെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച സംഭവം; 120 പേര്‍ കസ്റ്റഡിയില്‍
അതേസമയം പൊലീസിനെ ആക്രമിച്ച സംഭവം നീതീകരിക്കാനാകില്ലെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ പറഞ്ഞു. കിറ്റെക്‌സിലെ പ്രശ്‌നങ്ങള്‍ മുന്‍പ് ഉന്നയിച്ചപ്പോഴെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലയിലായിരുന്നു എല്ലാവരും കണ്ടതെന്നും എംഎല്‍എ പ്രതികരിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights : SABU M JACOB, KITEX,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here