നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ജനുവരി നാലിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ജനുവരി നാലിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് വിസ്താരം മാറ്റിയത്. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും തുടരന്വേഷണത്തിനുള്ള അപേക്ഷയും നാലാം തീയതി പരിഗണിച്ചേക്കും.
അതേസമയം കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും സ്ഥാനമൊഴിയുന്നതായി ഡിജിപി ഓഫിസില്‍ അറിയിക്കുകയും ചെയ്തിരുന്നു. നാലാം തീയതിയോട് കൂടി വിസ്താരം തുടങ്ങും. വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് നടിയെ ആക്രമിച്ച കേസില്‍ അസാധാരണ പ്രതിസന്ധി ഉണ്ടായിട്ടുള്ളത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തണമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also : കിഴക്കമ്പലം സംഘര്‍ഷം; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
നടിയെ ആക്രമിച്ച പ്രതികള്‍ ചിത്രീകരിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
Story Highlights : actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here