കൗതുകമായി ഇരട്ടക്കുട്ടികളുടെ ജനനം; പിറന്നത് 15 മിനുട്ട് വ്യത്യാസത്തിലാണെങ്കിലും മാസവും വർഷവും വ്യത്യസ്തം…

പുതുവർഷം ആഘോഷിക്കുന്നതിനോടൊപ്പം തന്നെ നമ്മൾ ആഘോഷിക്കുന്ന ഒന്നാണ് പുതുവർഷത്തിലെ കുട്ടികളുടെ ജനനവും. പുതുവർഷത്തിലെ ഏറെ കൗതുകകരമായ ജനന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പതിനഞ്ചു മിനിറ്റ് വ്യത്യാസത്തിൽ രണ്ട് വർഷങ്ങളിലായാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്. ഒരു കുഞ്ഞ് 2021ലും രണ്ടാമത്തെ കുഞ്ഞ് 2022ലുമാണ് ജനിച്ചത്. ഡിസംബർ 31 ന് രാത്രി 11.45 നു തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകി. 12 മണിയോടെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളുടെ ജനനം രണ്ട് വർഷങ്ങളിൽ ആയിപോയത്. രണ്ട് മില്യണിൽ ഒന്ന് എന്ന കണക്കിൽ വളരെ അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഫാത്തിമ മഡ്രിഗാൽ എന്ന യുവതിയാണ് പുതുവത്സരത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തന്റെ ആദ്യത്തെ കുഞ്ഞിന് ആൽഫ്രഡോ എന്നും രണ്ടാമത്തെ കുഞ്ഞിന് അയ്‌ലിൻ എന്നുമാണ് ഫാത്തിമ പേര് നൽകിയത്. ‘എന്നെ സംബന്ധിച്ച് ഇത് വളരെ അദ്ഭുതം തോന്നുന്ന ഒന്നാണ്. ഇരട്ടകളായാണ് അവർ ജനിച്ചതെങ്കിലും അവരുടെ ജന്മദിനം രണ്ടു ദിവസങ്ങളിലായി. പുതുവത്സരം പിറന്ന നിമിഷത്തിൽ തന്നെ അവൾ പുറത്തു വന്നതിൽ എനിക്ക് അദ്ഭുതം തോന്നുന്നു എന്നും മഡ്രിഗൽ പറയുന്നു.
നാറ്റിവിഡാഡ് മെഡിക്കൽ സെന്ററിലാണ് ഫാത്തിമ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2 മില്യണിൽ ഒന്ന് എന്ന രീതിയിൽ സംഭവിക്കുന്നതാണ് ഇത്. ഇതൊരു അദ്ഭുത ജനനം ആണെന്നാണ് ആശുപത്രിയിൽ നിന്നും കുഞ്ഞുങ്ങളുടെ ജനനം പങ്കുവച്ചു കുറിച്ചത്. ഇരുവരുടെയും ജന്മദിനവും മാസവും വർഷവും പതിനഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ മാറിയിരിക്കുകയാണ്. ഇരു കുഞ്ഞുങ്ങളെയും ആരോഗ്യത്തോടെ പുറത്തെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഡോക്ടർ അന്ന അബ്രിയസ് ആരിയാസ് പറഞ്ഞു.യുഎസിൽ വർഷം തോറും 1,20,000 ഇരട്ടക്കുട്ടികളാണ് ജനിക്കുന്നത്. എന്നാൽ കൂടി ഇങ്ങനെയൊരു സംഭവം വളരെ അപൂർവമാണെന്നും ഇതിന് മുൻപ് 2019ലാണ് സമാനമായ സംഭവം ഉണ്ടായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Story Highlights : Amazing story of twins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here