കോലി തിരികെയെത്തും; ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം; നാളെ നിർണായക ടെസ്റ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് നാളെ. കേപ്‌ടൗണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. പരുക്കേറ്റതിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലി തിരികെയെത്തും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1ന് ഇരു ടീമുകളും സമനില പാലിക്കുകയാണ്. അതുകൊണ്ട് തന്നെ നാളെ ആരംഭിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
കോലി തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നത് ഏറെ ചിന്തിക്കേണ്ടതാണ്. ഹനുമ വിഹാരി തന്നെ ബലിയാടാവേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. കാലങ്ങളായി ഫോമില്ലാതെ ഉഴറുന്ന പൂജാര-രഹാനെ സഖ്യം രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റിയടിച്ചതിനാൽ ഇരുവരും സ്ഥാനം നിലനിർത്തിയേക്കും. വിദേശ പിച്ചുകളിൽ ഇരുവരുടെയും മത്സരപരിചയം വിലമതിക്കാനാവാത്തതാണെന്ന് കോലി പറയുകയും ചെയ്തു. പരുക്കേറ്റ സിറാജിനു പകരം ഇഷാന്ത് ശർമ്മയോ ഉമേഷ് യാദവോ കളിക്കും.
25 ഇന്നിംഗ്സുകളിലായി ഒരു സെഞ്ചുറി നേടിയില്ലാത്ത ക്യാപ്റ്റൻ കോലിയുടെ മോശം ഫോം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. എന്നാൽ, ക്യാപ്റ്റൻ എന്ന നിലയിൽ കോലിയുടെ ഇംപാക്ട് ഒഴിവാക്കാനാവില്ല. രണ്ടാം ടെസ്റ്റിൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെപ്പറ്റി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
കേപ്‌ടൗണിൽ ഇന്ത്യക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല. അത് മറികടക്കാനായാൽ മറ്റൊരു റെക്കോർഡ് കൂടി ഇന്ത്യയെ തേടിയെത്തും. ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര എന്ന റെക്കോർഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
Story Highlights : india south africa 3rd test tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here