സൈന നെഹ്‌വാളിനെതിരെ സ്ത്രീവിരുദ്ധ പരാമർശം; നടൻ സിദ്ധാർത്ഥ് വിവാദത്തിൽ

ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ സിദ്ധാർത്ഥ് വിവാദത്തിൽ. പഞ്ചാബിൽ ബച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞതിനെ വിമർശിച്ച് സൈന കുറിച്ച ട്വീറ്റിന് സിദ്ധാർത്ഥ് നൽകിയ റിപ്ലെ ആണ് വിവാദമായിരിക്കുന്നത്. ട്വീറ്റിൽ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭർത്താവും പിതാവുമടക്കമുള്ളവർ രംഗത്തുവന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു. (siddharth controversy saina nehwal)
‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരു സംഘം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’- ഇങ്ങനെയായിരുന്നു സൈനയുടെ ട്വീറ്റ്. ഈ ട്വീറ്റിനുള്ള സിദ്ധാർത്ഥിൻ്റെ മറുപടിയാണ് വിവാദമായത്.
Read Also : ബിജെപിയിൽ ചേർന്ന സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട
‘അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’- സിദ്ധാർഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. ന്യൂസ് 18നോടായിരുന്നു താരത്തിൻ്റെ പ്രതികരണം.
ഇതിനു പിന്നാലെ സൈനയുടെ ഭർത്താവും ബാഡ്മിൻ്റൺ താരവുമായ പി കശ്യപും സിദ്ധാർത്ഥിനെതിരെ രംഗത്തെത്തി. ‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കണം. ഇങ്ങനെ പ്രതികരിച്ചതിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് താങ്കൾ കരുതിയതെന്ന് തോന്നുന്നു.’ കശ്യപ് ട്വീറ്റ് ചെയ്തു.
ശേഷം സൈനയുടെ പിതാവ് ഹർവിർ സിംഗ് നെഹ്‌വാളും സിദ്ധാർത്ഥിനെതിരെ രംഗത്തെത്തി. ‘മകളെക്കുറിച്ച് അത്തരം വാക്കുകൾ ഉപയോഗിച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. എന്റെ മകൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടി. ഇന്ത്യയ്ക്കായി പുരസ്കാരങ്ങൾ കൊണ്ടുവന്നു. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്തുചെയ്തു?’- അദ്ദേഹം ചോദിച്ചു.
ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന വിശദീകരണവുമായി നടൻ രംഗത്തെത്തി. താരം ട്വീറ്റ് പിൻ ചെയ്യുകയും ചെയ്തു.
Story Highlights : siddharth controversy saina nehwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here