നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി ഒരു മജിസ്ട്രേറ്റിനെ എറണാകുളം സി.ജെ.എം കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകൾ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി . മുൻകൂർ ജാമ്യ ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാരിന്റെ പ്രതികരണം.
Story Highlights : actress assault case-Balachandrakumar’s secret statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here