യുപി തെരഞ്ഞെടുപ്പ്: ഇത്തവണ അയോധ്യയല്ല ബിജെപിയുടെ തുറുപ്പുചീട്ട്

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വത്തിലൂന്നിയാകുമെന്ന് ബിജെപി എംപി ഹമേഷ് ഷർമ ട്വന്റിഫോറിനോട് വ്യക്തമാക്കിയതിന് പിന്നാലെ അയോധ്യയിലേക്കായി ഇന്ത്യയുടെ ദൃഷ്ടി. ഹിന്ദു സമൂഹം ഉറ്റുനോക്കുന്ന രാം മന്ദിർ പണികഴിപ്പിക്കുന്ന അയോധ്യ അല്ലാതെ മറ്റൊന്നും ഒരു പക്ഷേ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തില്ല. എന്നാൽ ഇത്തവണ ബിജെപി നേതൃത്വം ഉയർത്തിക്കാട്ടുക മറ്റൊരു പ്രദേശത്തെയാണ്…കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട നഗരം…ഹിന്ദു-ബുദ്ധ-ജൈന മതങ്ങളുടെ പുണ്യഭൂമി…ആറ് കിലോമീറ്ററിൽ അധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ വാരണാസി…കാശിയാകും ഇത്തവണത്തെ സന്റർ പീസ്…
മോദിയുടെ വാരണാസി
ബനാറസ്/കാശി / വാരണാസി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ ചെറുപട്ടണം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നുവെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. കല്ലു കൊണ്ട് നിർമ്മിച്ച നിരവധി പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ വരാണസിയിലുണ്ട്.
നരേന്ദ്ര മോദി രണ്ട് തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വാരണാസിയിൽ നിന്നാണ്. ബിജെപിക്ക് വ്യക്തമായ ആധിപത്യമുള്ള നഗരത്തിൽ 1,854,540 വോട്ടർമാരാണ് ഉള്ളത്. 1952 മുതൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ തട്ടകമായിരുന്ന വാരണാസിയിൽ നിന്ന് 1967 ൽ സിപിഐഎമ്മിൽ നിന്ന് ഒരു എംപി ഉണ്ടായിട്ടുണ്ട്. സത്യ നാരായൺ സിംഗ്. വീണ്ടും ഐഎൻസിയുടെ തന്നെ തട്ടകമായി മാറിയ വാരണാസി കാവി പുതച്ച് തുടങ്ങിയത് 1991 മുതലാണ്. അന്ന് മുതൽ ഇന്ന് വരെ വാരണാസി ബിജെപിക്കൊപ്പം ചേർന്ന് നിന്നു.
കാശിയുടെ പകിട്ട് പുനഃസ്ഥാപിച്ച ബിജെപി – ട്രംപ് കാർഡ്
‘കാശിയുടെ പകിട്ട് പുനഃസ്ഥാപിച്ച ബിജെപി’ എന്നത് തന്നെയാകും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പ് ചീട്ട്. വിശേഷപ്പെട്ട പൂജയെല്ലാം ഉൾപ്പെടുത്തി ഭ്രഹ്മാണ്ഡ പരിപാടിയായാണ് വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് തുറന്നുകൊടുത്തത്. വാരണാസി അടുത്തിടെ കണ്ടതിൽവച്ച് ഏറ്റവും വലിയ പരിപാടിയായിരുന്നു കാശിധാം ഇടനാഴിയുടെ ഉദ്ഘാടനം.
Read Also : യുപി തൊഴിൽമന്ത്രി രാജിവച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്നു
പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് ഭഗവാൻ ശിവൻ കുടികൊള്ളുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പകിട്ട് തിരികെയെത്തിച്ചത്. മുൻ സർക്കാരുകൾക്ക് ഇത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചരിത്ര മുഹൂർത്തമാണ് ഇത്’-ബിജെപി നേതാവ് തരുൺ ചുഖിന്റെ വാക്കുകളാണ് ഇത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ട്രംപ് കാർഡായി വാരണാസി വരുമെന്ന് ഈ വാചകങ്ങൾ ഉറപ്പിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ ഇനിയും രണ്ട് വർഷമെടുക്കും. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാശിക്കുണ്ടായ പ്രകടമായ മാറ്റം തന്നെയാകും ബിജെപി എടുത്ത് കാട്ടുകയെന്ന് പ്രാദേശിക ബിജെപി നേതൃത്വവും അടിവരയിട്ട് പറയുന്നു.
Story Highlights : varanasi up election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here