Advertisement

പഞ്ചാബില്‍ ആര്? പ്രതീക്ഷയോടെ ഛന്നിയും സിദ്ദുവും

January 15, 2022
2 minutes Read
punjab election 2022

കര്‍ഷകരുടെ, സാധാരണക്കാരുടെ അടക്കം അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിനിധിയാണ് ഞാന്‍. അല്ലാതെ സമ്പന്നരുടെ പ്രതിനിധിയല്ല. മണല്‍ഖനനം നടത്തുന്നവരോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ എന്റെ അടുക്കല്‍ വരേണ്ടതില്ല… പഞ്ചാബിന്റെ 16ാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഛന്നി ചുമതലയേറ്റ ശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിക്കും സിദ്ദുവിന്റെ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കുമിടയില്‍ മുഖ്യമന്ത്രിയായി ഒരു ദളിതന്‍ അധികാരത്തിലേറിയപ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്‍കരുതലുകളും അവര്‍ സജ്ജമാക്കി. മുഖ്യമന്ത്രിയായി എത്തിയ തുടക്കങ്ങളില്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദുവുമായി തെറ്റേണ്ടി വന്നു ഛന്നിക്ക്. കേന്ദ്രനേതൃത്വം ഇടപെട്ട് ഇരുവരെയും സമാധാനപ്പെടുത്തുകയാണുണ്ടായത്. ഛന്നിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ പിടിക്കാമെന്ന് ഒരു ഭാഗത്ത് കോണ്‍ഗ്രസ് ആദ്യമുതലേ സ്വപ്നം കാണുന്നുണ്ട്. അതേസമയം ദളിത് വിഭാഗത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ധാനം ചെയ്ത് അകാലിദള്‍ -ബിഎസ്പി സഖ്യം വാക്കുകൊടുത്തുകഴിഞ്ഞിരിക്കുന്നു. ബിജെപിയാകട്ടെ അധികാരത്തിലെത്തിയാല്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ( punjab election 2022)

തലപ്പാവണിഞ്ഞ ദളിത് നേതാവ് ഛന്നി

1964ല്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്നു തലപ്പാവുള്ള ദളിത് നോതാവെന്ന് മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്ന ചരണ്‍ജിത് സിംഗ് ഛന്നി. സുനില്‍ ജഖര്‍, അംബികാ സോണി, സുഖ്ജീന്ദര്‍ രണ്‍ധാവ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് പകരമായി ഉയര്‍ന്നുവന്നെങ്കിലും അമരീന്ദര്‍ വിമര്‍ശകനായ ഛന്നിയെയാണ് ഭാഗ്യദേവത തുണച്ചത്. പഞ്ചാബിന്റെ ഭരണതലപ്പത്തേക്ക് ഒരു ദളിത് നേതാവ് വേണമെന്ന അഭിപ്രായങ്ങള്‍ ദീര്‍ഘനാളായി രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചിരുന്നുവെന്നതും ഛന്നിക്ക് ഗുണകരമായി മാറുകയായിരുന്നു.

ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ എംഎല്‍എ, അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ ടൂറിസം സാംസ്‌കാരികം, സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക പരിശീലനം, തൊഴില്‍ എന്നീ വകുപ്പുകളുടെ ചുമതലയും ഛന്നി നിര്‍വഹിച്ചിരുന്നു. 2007 ലാണ് ഛന്നി ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുമുമ്പ് രണ്ട് തവണ ഖരറിലെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. 2015-16 കാലത്ത് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു ഛന്നി. 2021ല്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്.

2018ല്‍ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് ഛന്നിക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 2020ല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ഛന്നി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാല ഇതേ മീ ടൂ ആരോപണം വീണ്ടും ചര്‍ച്ചയാക്കി ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രംഗത്തെത്തി. ഛന്നി മുഖ്യമന്ത്രിയാകുന്നത് അപമാനകരമാണെന്നും സ്ത്രീ ശാക്തീകരണത്തിന് ഭീഷണിയാണെന്നും വാദങ്ങളുണ്ടായി. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസോ ഛന്നിയോ തയ്യാറായിരുന്നില്ല.

ദളിത് രാഷ്ട്രീയവും പഞ്ചാബും

പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ഛന്നി അധികാരത്തിലെത്തിയപ്പോള്‍ പഞ്ചാബിലെ ദളിത് രാഷ്ടീയം കൂടിയാണ് ചര്‍ച്ചയായത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് ജനതയുള്ള സംസ്ഥാനമാണ് പഞ്ചാബ്. 32 ശതമാനം ദളിതരാണ് ഇവിടെയുളളത്. രാമദാസിയ സിഖ്, മസാബി സിഖ്, രവിദാസിയ സിഖ്, വാല്‍മീകി തുടങ്ങി 39 വ്യത്യസ്ത സമുദായങ്ങള്‍ ഈ ദളിതര്‍ക്കിടയില്‍ തന്നെയുണ്ട്. ഇതില്‍ രാമദാസിയ വിഭാഗത്തില്‍ നിന്നുള്ളയാളാണ് ചരണ്‍ജിത് സിംഗ് ഛന്നി. പരമ്പരാഗത കുലത്തൊഴിലായ നെയ്ത്താണ് ഇവരുടെ ജീവിതമാര്‍ഗം. രാമദാസിയ സിഖുകാര്‍ യഥാര്‍ത്ഥത്തില്‍ ചാമര്‍ എന്ന ദളിത് വിഭാഗക്കാരായിരുന്നു. നെയ്ത്തുകാരായ ജുലഹാസ് എന്നറിയപ്പെട്ടിരുന്നവര്‍ സിഖ് മതം സ്വീകരിച്ചതിനു ശേഷം രാംദാസായി ആയിത്തീരുകയായിരുന്നു. ഛന്നിയുടെ മുഖ്യമന്ത്രി സ്ഥാനം പോലെ തന്നെ പ്രധാനമാണ് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ബിഎസ്പി-അകാലിദള്‍ സഖ്യം. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപകനായ ബാബു കാന്‍ഷി റാം, പഞ്ചാബിലെ റോപ്പര്‍ ജില്ലയില്‍ നിന്നുള്ള രാമദാസിയ സിഖ് ആയിരുന്നുവെന്നതും ദളിത് വോട്ടുകളെ പ്രധാന്യം വ്യക്തമാക്കുന്നു.

1881ലെയും 1931-ലെയും സെന്‍സസ് പ്രകാരം സിഖ് സമുദായത്തിനുള്ളില്‍ അറോറസ്, അലുവാലിയാസ്, ഭട്ടര്‍, ചിംബസ്, ജാട്ട്, ജീര്‍, ഖത്രി, കംബോസ്, ലബാനസ്, ലോഹര്‍, മഹതം, മഴബികള്‍, നൈസ്, രാംഗര്‍ഹിയാസ്, രാംദാസിയാസ്, സഘ്രേത എന്നിങ്ങനെ വിവിധ ജാതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ ജാട്ട്, കംബോഹ്, ഖത്രി, അറോറ, തര്‍ഖാന്‍, ലോഹര്‍, നായ്, ചിംബ ,കലല്‍,ചമര്‍, ചുഹ്‌റ എന്നിങ്ങനെ പതിനൊന്നെണ്ണം ‘ജാതി മണ്ഡലത്തിന്റെ’ കേന്ദ്രമാണെന്ന് പറയപ്പെടുന്നവയാണ്. സമകാലിക പഞ്ചാബ് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് ദളിത് സിഖുകാരുടെ പ്രശ്നങ്ങളും രാഷ്ട്രീയ സ്വത്വവും ചര്‍ച്ചചെയ്യാന്‍ ചന്നിയിലൂടെ കഴിയുമെന്ന് വിശ്വാസവും ഒരു വിഭാഗത്തിനുണ്ടായി. ഹിന്ദു ദളിതരില്‍ പഞ്ചാബിലെ പ്രബല ശക്തികളാണ് വാല്മീകികള്‍. ആകെ ദളിത് ജനസംഖ്യയുടെ 11. 3 ശതമാനം പേരാണ് ഈ വിഭാഗക്കാര്‍. മറ്റൊന്ന് ജാട്ട് സിഖുകളുടെ പ്രാധാന്യമാണ്. ഹരിത വിപ്ലവത്തിനുശേഷം പരമ്പരാഗതമായി കാര്‍ഷിക രംഗത്ത് വലിയ സ്വാധീനമുള്ള ജാട്ടുകളുടെ പേര് ഒന്നുകൂടി മുന്‍പന്തിയിലെത്തി. ദളിത് രാഷ്ട്രീയവും നിര്‍ണായകമായ ചുവടുമാറ്റങ്ങളും പരസ്യപ്പോരുകളും അടങ്ങിയ പഞ്ചാബ് ഇത്തവണ വിധിയെഴുതുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാകും.

നവജ്യോത് സിംഗ് സിദ്ദു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാ അംഗവുമായിരുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ പേര് എക്കാലത്തും പഞ്ചാബ് കോണ്‍ഗ്രസിന്റെ നല്ലതും ചീത്തയുമായ നാളുകളിലുണ്ട്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ സിദ്ദു ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ്. സെപ്തംബര്‍ 28നാണ് നവജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ലെന്ന് മാത്രമല്ല, സിദ്ദുവിനെ എന്തുസംഭവിച്ചാലും വിടില്ലെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാക്കുകയുമുണ്ടായി. ഒരു കാര്യത്തിലും ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്.

അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ച ഘടകമായി മാറി. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള നിരന്തര കൂടിക്കഴ്ചകള്‍ക്കുശേഷം സിദ്ദു പിസിസി അധ്യക്ഷ പദവിയില്‍ തുടരാമെന്ന് നിലപാടെടുക്കുകയായിരുന്നു. അമരീന്ദര്‍ സിംഗുമായുളള പരസ്യപോരാട്ടത്തിനും അദ്ദേഹത്തിന്റെ രാജിക്കും ശേഷം ഛന്നിക്കെതിരായ പ്രസ്താവനകളും സിദ്ദുവിന്റെ ഭാഗത്തുനിന്നുണ്ടായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തന്നെ മുഖ്യമന്ത്രിയാക്കാനായിരുന്നു താത്പര്യമെന്നും സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ തന്നെ അതിന് തടസം നിന്നെന്നും സിദ്ദു തൊടുത്തുവിട്ടു. വരുംനാളുകളില്‍ പഞ്ചാബിനെ നയിക്കാന്‍ ആര്‍ക്കാകുമെന്ന് കണ്ടറിയാം.

Story Highlights : punjab election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top