ആട് ആന്റണി സമർപ്പിച്ച അപ്പീൽ; സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

സിവിൽ പൊലീസ് ഓഫീസർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ ഇരട്ട ജീവപര്യന്തം കഠിനതടവിനെതിരെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ( supreme court sends kerala notice )
ശിക്ഷകൾ വെവ്വേറെ അനുഭവിക്കണമെന്ന വിചാരണക്കോടതി ഉത്തരവിനെ ഹർജിയിൽ ചോദ്യം ചെയ്തു. ഇരട്ട ജീവപര്യന്തം അടക്കം വിചാരണക്കോടതി നൽകിയ ശിക്ഷകൾ ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണ് ആട് ആന്റണി സുപ്രിംകോടതിയെ സമീപിച്ചത്. 2012 ജൂണിലായിരുന്നു പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെയുള്ള ആക്രമണം. ഒളിവിൽ പോയ ആട് ആന്റണിയെ 2015 ഒക്ടോബറിലാണ് പിടികൂടിയത്.
കൗമാരക്കാലത്ത് ആടിനെ മോഷ്ടിച്ച കേസിൽ പിടിയിലായതോടെയാണ് ആന്റണിക്ക് ആട് ആന്റണി എന്ന് പേര് വന്നത്. ആട് മോഷ്ടാവിൽ നിന്ന് പിന്നീട് വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവായി ആട് ആന്റണി വളർന്നു. 2004 ൽ കവർച്ചാ കേസിൽ അറസ്റ്റിലായ ആട് ആന്റണി 2008 വരെ ജയിൽവാസം അനുഭവിച്ചു.
Read Also : പൊലീസ് ഓഫിസർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസ്; ആട് ആന്റണി സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
2012 ജൂൺ 26നാണ് സിവിൽ പൊലീസ് ഓഫിസറായിരുന്ന മണിയൻ പിള്ളയെ ആന്റണി കൊലപ്പെടുത്തുന്നത്. തുടർന്ന് ഒളിവിൽ പോയ ആട് ആന്റണിക്കായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. 2015 ജൂലൈ 1ന് ആട് ആന്റണിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പൊലീസ്, കൊലപാതകിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.
ഏറെ നാളത്തെ തെരച്ചിലിനൊടുവിൽ 2015 ഒക്ടോബർ 12നാണ് ആട് ആന്റണിയെ പാലക്കാട്ടെ ഗോപാലപുരത്ത് നിന്ന് പിടികൂടുന്നത്. അന്ന് ആന്റണിയുടെ പേരിൽ 27 കേസുകളാണ് ഉണ്ടായിരുന്നത്. 2016 ജൂലൈ 27ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.
Story Highlights : supreme court sends kerala notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here