ബാവുമയ്ക്കും വാൻ ഡെർ ഡസ്സനും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് പ്രോട്ടീസ് നേടിയത്. ദക്ഷിണാഫ്രിക്കക്കായി ടെംബ ബാവുമയും (110) റസ്സി വാൻ ഡെർ ഡസ്സനും (129 നോട്ടൗട്ട്) സെഞ്ചുറി നേടി. 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 204 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയ ബാവുമ-വാൻ ഡെർ ഡസ്സൻ സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. (south africa 296 india)
ദക്ഷിണാഫ്രിക്കയുടെ തുടക്കം ആശാവഹമായിരുന്നില്ല. സ്കോർബോർഡിൽ 19 റൺസ് ആകുമ്പോഴേക്കും അവർക്ക് ജന്നമെൻ മലനെ നഷ്ടമായി. 6 റൺസെടുത്ത പ്രോട്ടീസ് ഓപ്പണറെ ജസ്പ്രീത് ബുംറ ഋഷഭ് പന്തിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതേതുടർന്ന് റൺ നിരക്ക് താഴ്ന്നു. വേഗം കുറഞ്ഞ പിച്ചിൽ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റർമാരെ പിടിച്ചുനിർത്തി. ഡികോക്കിൻ്റെ (27) കുറ്റി പിഴുത ആർ അശ്വിനാണ് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. എയ്ഡൻ മാർക്രം (4) റണ്ണൗട്ടായി. ഇതിനു പിന്നാലെയാണ് ബാവുമയും വാൻ ഡെർ ഡസ്സനും ക്രീസിൽ ഒത്തുചേർന്നത്.
Read Also : ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; മാർക്കോ ജാൻസെനും വെങ്കടേഷ് അയ്യരിനും അരങ്ങേറ്റം
തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഡസ്സനും സൂക്ഷമതയോടെ ബാറ്റ് വീശിയ ബാവുമയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ഇരുവർക്കും ഭാഗ്യവും വേണ്ടുവോളമുണ്ടായി. ഇന്ത്യൻ ഫീൽഡർമാരുടെ കൈകൾ ചോർന്നതും ആരുമില്ലാത്ത ഇടങ്ങളിൽ എഡ്ജുകൾ പതിച്ചതും സഖ്യത്തെ തുണച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ബാവുമയും വേഗത്തിൽ സ്കോർ ചെയ്യാൻ തുടങ്ങി. ഭുവനേശ്വർ കുമാറും ശർദ്ദുൽ താക്കൂറുമൊക്കെ നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ് എളുപ്പമായി. ഇതിനിടെ ഇരുവരും സെഞ്ചുറി തികച്ചു. വെറും 86 പന്തിലാണ് ഡസ്സൻ്റെ ശതകം പിറന്നത്. 204 റൺസ് നീണ്ട മാരത്തൺ കൂട്ടുകെട്ടിനൊടുവിൽ ബുംറ ഇന്ത്യയുടെ രക്ഷക്കെത്തി. ബാവുമയെ രാഹുലിൻ്റെ കൈകളിലെത്തിച്ച ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. ബാവുമ മടങ്ങിയെങ്കിലും സ്കോറിംഗ് തുടർന്ന ഡസ്സൻ 96 പന്തിൽ 129 റൺസുമായി പുറത്താവാതെ നിന്നു. 9 ബൗണ്ടറിയും 4 സിക്സറും സഹിതമാണ് ഡസ്സൻ്റെ ഇന്നിംഗ്സ്.
Story Highlights : south africa 296 vs india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here