‘ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ്, പോളിംഗ് വേണ്ട’; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

മണിപ്പൂരിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ (AMCO). തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ചയാണ്. അന്നേ ദിവസം ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ ദിനമായതിനാൽ ആദ്യ ഘട്ടം മാറ്റിവയ്ക്കണമെന്ന് എഎംസിഒ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.
ഞായറാഴ്ച ഒഴികെ ആഴ്ചയിലെ ഏത് ദിവസത്തിലും ആദ്യഘട്ട വോട്ടെടുപ്പ് നടത്താൻ എഎംസിഒ കമ്മീഷനോട് അഭ്യർത്ഥിച്ചു. “ക്രിസ്ത്യാനികളുടെ മതവികാരത്തോട് ഐക്യദാർഢ്യവും ആദരവും പ്രകടിപ്പിക്കുന്നതിനായി ആദ്യഘട്ട പോളിംഗ് തീയതി പുനഃക്രമീകരിക്കാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച (ഫെബ്രുവരി 27) നടന്നാൽ അത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് എഎംസിഒ അറിയിച്ചു. 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന്.
“ഞായറാഴ്ച ഒരു പുണ്യദിനമാണ്, ദൈവത്തെ ആരാധിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ്, കർത്താവിന്റെ ദിനം. എന്നാൽ ഞായറാഴ്ച വോട്ടെടുപ്പ് തീയതി നിശ്ചയിച്ചത്, മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ മതപരമായ പ്രാധാന്യം ഇല്ലാതാക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരും. വോട്ടെടുപ്പ് ദിവസം ഞായറാഴ്ച വരുന്നതിനാൽ ധാരാളം വോട്ടർമാർ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് AMCO ഭയപ്പെടുന്നു, അങ്ങനെ ജനങ്ങളുടെ അവകാശം ബോധപൂർവം കവർന്നെടുക്കുന്നു” പ്രസ്താവനയിൽ പറയുന്നു.
Story Highlights : no-polling-on-sunday-christians-in-manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here