ഇന്ത്യക്ക് ജയിക്കണം; ഇന്ന് രണ്ടാം ഏകദിനം

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിക്ക് പാളിലെ ബോളണ്ട് പാർക്കിലാണ് മത്സരം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കളിയിൽ കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ടെസ്റ്റ് പരമ്പര 2-1നു പരാജയപ്പെട്ട ഇന്ത്യക്ക് ഏകദിന പരമ്പര കൂടി പരാജയപ്പെടുന്നത് കനത്ത തിരിച്ചടിയാവും. (india south africa odi)
ആദ്യ മത്സരത്തിൽ ബൗളർമാരാണ് ഏറെ നിരാശപ്പെടുത്തിയത്. ഒപ്പം മധ്യനിരയും മികച്ച പ്രകടനം നടത്തിയില്ല. ബൗളർമാരിൽ ജസ്പ്രീത് ബുംറ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണി ആയുള്ളൂ. മറ്റ് രണ്ട് പേസർമാർക്കും ആറിനു മുകളിലായിരുന്നു എക്കോണമി. രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനുള്ള തീരുമാനവും തിരിച്ചടിച്ചു. അശ്വിനും ചഹാലും 10 ഓവറിൽ 53 റൺസ് വീതം വഴങ്ങി. വെങ്കടേഷിന് ഒരു ഓവർ പോലും നൽകാതിരുന്നത് വ്യാപകമായി വിമർശിക്കപ്പെട്ടു. ബാറ്റർമാരിൽ ധവാനും കോലിയും ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഋഷഭ് പന്ത്, ശ്രേയാസ് അയർ, ലോകേഷ് രാഹുൽ, വെങ്കടേഷ് അയ്യർ എന്നിവരൊന്നും പ്രതിഭയ്ക്കൊത്ത് പ്രകടനം നടത്തിയില്ല. തുടരെ നിരാശപ്പെടുത്തുന്ന പന്ത് ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. ശർദ്ദുൽ താക്കൂർ ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബൗളിംഗിൽ അമ്പേ പരാജയമായിരുന്നു.
Read Also : ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി
രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനുള്ള തീരുമാനം ഇന്നും തുടരുമോ എന്ന് കണ്ടറിയേണ്ടതാണ്. പകരം മുഹമ്മദ് സിറാജിനെയോ ദീപക് ചഹാറിനെയോ പരിഗണിച്ചേക്കാം. ആദ്യ കളിയിൽ നിരാശപ്പെടുത്തിയെങ്കിലും ശ്രേയാസ് അയർ ടീമിൽ തുടർന്നേക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ 31 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265.
സെഞ്ചുറികളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻ ഡെർ ഡസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്. ആൻഡിൽ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയും തബ്രൈസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : india south africa 2nd odi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here