Advertisement

എന്താണ് നുണപരിശോധന? എന്തുകൊണ്ട് എല്ലാ കേസുകളിലും നുണപരിശോധന നടത്തുന്നില്ല

January 21, 2022
2 minutes Read

വിവാദമാകുന്ന ഏത് കേസിന്റെയും വിചാരണ സമയത്ത് സ്ഥിരമായി കേൾക്കുന്ന വാക്കാണ് നുണ പരിശോധന. ഒരാൾ പറയുന്നത് സത്യാമാണോ എന്ന് മനസിലാക്കാൻ ശാസ്ത്രം നിരത്തുന്ന നിരവധി പരീക്ഷണ മാർഗങ്ങളുണ്ട്. ഈ രീതികളെ പൊതുവായിട്ട് നുണ പരിശോധന എന്നാണ് പറയുന്നത്. കേരളത്തിലും ആഗോളതലത്തിലും പല കുറ്റാന്വേഷണ കേസുകളിൽ നുണ പരിശോധന പ്രയോഗിച്ചിട്ടുണ്ടെങ്കിലും പ്രതി അല്ലെങ്കിൽ സാക്ഷി സ്വമേധയാ സമ്മതം നൽകുകയാണെങ്കിൽ മാത്രമേ നുണ പരിശോധന നടത്താൻ നിയമം അനുവദിക്കൂ. പോളിഗ്രാഫ് ടെസ്റ്റ്, നാർകോ അനാലിസിസ്, ബ്രയിൻ മാപ്പിങ് എന്നീ രീതികളെ പൊതുവായാണ് നുണപരിശോധനാ എന്ന് പറയുന്നത്.

ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെ ഒരാൾ പറയുന്നത് നുണയാണോ എന്ന് പരിശോധിക്കുന്ന രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. ശരീരത്തിൽ സെൻസറുകൾ പോലുള്ള ചില ഉപകരണങ്ങൾ ഘടിപ്പിച്ച് ചോദ്യങ്ങളോട് വ്യക്തിയുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നെന്ന് നോക്കുന്നു. ഈ സമയത്ത് പ്രതിയുടെ രക്തസമ്മർദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങൾ തുടങ്ങിയവ നിരീക്ഷിച്ച് അന്തിമ നിഗമനത്തിൽ എത്തിച്ചേരുന്നു.

മറ്റൊന്നാണ് നാർകോ അനാലിസിസ്. ‘ബോധം കെടുത്തുക’ എന്നർത്ഥം വരുന്ന ‘നാർക്ക്’ എന്ന ഗ്രീക്ക് പാദത്തിൽ നിന്നാണ് നാർകോ എന്ന വാക്കുണ്ടാകുന്നത്. നുണ പരിശോധനയ്ക്ക് വിധേയമാക്കേണ്ട പ്രതിയിലോ സാക്ഷിയിലോ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾ കുത്തി വച്ചാണ് നാർകോ അനാലിസിസ് നടത്തുന്നത്. ഇന്ദ്രീയങ്ങളുടെ പ്രവർത്തനത്തെ മന്ദീകരിപ്പിച്ച് ഉറക്കത്തിനും മയക്കത്തിനുമിടയിൽ മനുഷ്യനെ കൊണ്ടെത്തിക്കുന്ന നർക്കോട്ടിക്കുകളാണ് പലപ്പോഴും ട്രൂത്ത് സിറങ്ങളായി ഉപയോഗിക്കുന്നത്. കള്ളം പറയാൻ ഒരാളുടെ മനസ്സിൽ നടക്കുന്ന ഇമാജിനേഷൻ പ്രക്രിയയെ ഈ മരുന്നുകൾ താൽക്കാലികമായി നിശ്ചലമാകുന്നു. അതിനാൽ ചോദിക്കുന്ന ചോദ്യങ്ങളോട് വ്യക്തി ആത്മനിയന്ത്രണമില്ലാതെ പ്രതികരിക്കും. ഇതിൽ നിന്ന് പലപ്പോഴും സത്യത്തിലേക്കുള്ള സൂചന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു. മരുന്നിന്റെ വീര്യം കെട്ടുകഴിഞ്ഞാൽ എന്താണ് പറഞ്ഞതെന്ന് വ്യക്തികൾ ഓർമ്മിക്കാൻ തന്നെ സാധ്യത ഇല്ല. എന്നാൽ വേണ്ടത്ര മുൻകരുതൽ ഇല്ലാതെ ട്രൂത്ത് സിറങ്ങൾ കുത്തിവച്ചാൽ മരണം പോലും സംഭവിക്കാം. അതുകൊണ്ട് തന്നെ ലോകമെമ്പാടും ഇതിന്റെ സ്വീകാര്യതയെ കുറിച്ച് പല ചർച്ചകളും നടന്നിട്ടുണ്ട്. മാത്രമല്ല ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരിൽ ഈ രീതി അത്ര സുരക്ഷിതമല്ല.

നുണ പരിശോധനയിലുള്ള മസ്തിഷ്ക പ്രവർത്തന നിരീക്ഷണ രീതിയാണ് ബ്രെയിൻ മാപ്പിംഗ്. മനുഷ്യന്റെയോ, മറ്റേതെങ്കിലും ജീവികളുടെയോ മസ്തിഷ്കത്തിന്റെ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും സ്ഥലീയമായി അടയാളപ്പെടുത്തി മാപ്പുകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടം ന്യൂറോസയൻസ് സങ്കേതിക വിദ്യകളെയാണ് ബ്രെയിൻ മാപ്പിംഗ് എന്നു വിളിക്കുന്നത്.

ഇതും കൂടാതെ ഐ ട്രാക്കിംഗ് ടെക്നോളജി, വോയിസ്‌ സ്ട്രെസ് അനാലിസിസ്, നോൺ വെർബൽ ബിഹേവിയർ ഒബ്സർവേഷൻ തുടങ്ങിയ രീതികളും നുണപരിശോധനയിൽ ഉണ്ട്. ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ നുണയാണോ സത്യമാണോ എന്ന് തെളിയിക്കാൻ ഇത്രയും മാർഗങ്ങൾ ഉണ്ടെങ്കിലും ഇവയുടെ കൃത്യത ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. കൂടാതെ, മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർ പറയുന്നത് അവർ തന്നെ സത്യമെന്ന് കരുതിയിരിക്കുന്ന ചില മിഥ്യാ ധാരണകളും ആവാം. ഉദ്യോഗസ്ഥരുടെ മാത്രം താൽപ്പര്യത്താൽ സാക്ഷിയെയോ അല്ലെങ്കിൽ പ്രതിയെയോ നുണ പരിശോധനയ്ക്ക് വിധേയമാക്കാനും കഴിയില്ല. നുണപരിശോധനാ പൗരാവകാശ ലംഘനമാണെന്ന് 2010 ൽ സുപ്രീം കോടതി വിധിച്ചിരുന്നു.

Read Also : ഇന്ത്യയിലെ വാതിലുകളില്ലാത്ത ഗ്രാമം

ദേശീയ മനുഷ്യാവകാശ കമ്മിഷൻ പോളീഗ്രാഫ് ടെസ്റ്റിനുള്ള ഗൈഡ്‌ലൈൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. നുണ പരിശോധനയ്ക്കുള്ള സമ്മതം ഒരു മജിസ്‌ട്രേറ്റിന്റെ മുൻപാകെ വ്യക്തി നേരിട്ട് രേഖപ്പെടുത്തേണ്ടതാണ്. മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഹാജരാക്കി മൊഴിയെടുക്കുമ്പോൾ ഒരു അഭിഭാഷകന്റെ സേവനം നിർബന്ധമായും ഉണ്ടാകണം. പ്രതിയുടെ അല്ലെങ്കിൽ സാക്ഷിയുടെ അഭിഭാഷകന്റെ സാനിധ്യത്തിൽ ആശുപത്രി പോലൊരു സ്വതന്ത്ര ഏജൻസി മാത്രമേ നുണ പരിശോധന നടത്താൻ പാടുള്ളു. കൂടാതെ പരിശോധനയുടെ എല്ലാ ശാസ്ത്രീയ സാങ്കേതിക വിവരങ്ങളും രേഖപ്പെടുത്തുകയും വേണം. എല്ലാത്തിനും പുറമെ പ്രതി അല്ലെങ്കിൽ സാക്ഷി നുണ പരിശോധനയ്ക്ക് തയ്യാറാണെങ്കിൽ പ്രതിക്ക് അയാളുടെ അഭിഭാഷകനെ കാണാനും, ടെസ്റ്റിന്റെ ശാരീരികവും, മാനസികവും, നിയമപരവുമായ വിശദശാംശങ്ങൾ പോലീസിൽ നിന്നും അഭിഭാഷകനിൽ നിന്നും അറിയാനും അവകാശമുണ്ട്. 2012ൽ റസൽ ടൈസ് എന്ന അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥൻ പോളിഗ്രാഫ് ടെസ്റ്റുകൾക്കെതിരെ രംഗത്തു വന്നിരുന്നു. തന്റെ കരിയറിൽ 20 തവണ നുണ പരിശോധനയ്ക്കു വിധേയനായിട്ടുണ്ടെന്നു പറഞ്ഞ ടൈസ് കൃത്യമായ പരിശീലനവും ക്ഷമയുമുണ്ടെങ്കിൽ വളരെ ഈസിയായി പോളിഗ്രാഫിനോടു കള്ളം പറയാമെന്നു വാദിച്ചു. ചുരുക്കി പറഞ്ഞാൽ, നുണ പരിശോധനയുടെ ആധികാരികത പൂർണ്ണമായും ഇതുവരെ സ്ഥിതീകരിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, രാജ്യത്തെ കോടതികൾ അവയെ കാര്യമായി വിശ്വാസത്തിലെടുക്കാറുമില്ല.

Story Highlights : What is a lie detector?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top