യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

യൂറോപ്പിൽ കൊവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലുഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായതോടെ കൊവിഡ് സാദാ പനി പോലെ ആവുകയാണെന്നും മാർച്ചോടെ യൂറോപ്പ് ജനസംഖ്യയുടെ 60 ശതമാനം പേർക്കും ഒമിക്രോൺ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷാവസാനത്തോടെ യൂറോപ്പിലെ കൊവിഡ് വ്യാപനം ഏറെക്കുറെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കൊവിഡിൻ്റെ മറ്റ് വേരിയൻ്റുകൾ പോലെയല്ല ഒമിക്രോൺ. ഒമിക്രോണിന് കാഠിന്യം കുറവാണ്. ഒരു പകർച്ചവ്യാധി എന്ന നിലയിൽ നിന്ന് പനി പോലെ, നിയന്ത്രണവിധേയമായ അസുഖമായി കൊവിഡ് മാറുകയാണ്.
അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം അധികൃതർ കൊവിഡ് ടെസ്റ്റ് നടത്താനൊരുങ്ങുകയാണ്. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു.
Story Highlights : Covid will end in europe soon WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here