മികച്ച മുഖ്യമന്ത്രിയെ തേടിയുള്ള ഇന്ത്യാ ടുഡേ സര്‍വെ; നവീന്‍ പട്‌നായിക് ഒന്നാമന്‍; പിണറായി വിജയന്‍ അഞ്ചാമത്

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ് ദി നേഷന്‍ സര്‍വെയില്‍ ഒന്നാമതെത്തി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. രാജ്യവ്യാപകമായി നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 71 ശതമാനം പേരാണ് നവീന്‍ പട്‌നായിക്കിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്. 69.9 ശതമാനം വോട്ടുകള്‍ നേടിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നവീന്‍ പട്‌നായിക്കിന് തൊട്ടുപിന്നില്‍.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പിന്തുണച്ചും സര്‍വെയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 67.5 ശതമാനം വോട്ടുകളോടെ സ്റ്റാലിന്‍ മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. അദ്ദേഹം 61.8 ശതമാനം വോട്ടുകള്‍ നേടി. കേരള മുഖ്യമന്ത്രി പിണറായി വിജയനും ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ ഇടം പിടിച്ചു. 61.1 ശതമാനം വോട്ടുകളാണ് സര്‍വെയില്‍ പിണറായി വിജയന് ലഭിച്ചത്.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 3,06,064 പുതിയ കൊവിഡ് രോഗികള്‍; ടി പി ആര്‍ 20.75 ശതമാനത്തിലേക്ക്
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാം സ്ഥാനവും അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മയ്ക്ക് ഏഴാം സ്ഥാനവുമാണുള്ളത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പട്ടികയില്‍ എട്ടാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യാ ടുഡേ ഇതേ പേരില്‍ സംഘടിപ്പിച്ച സര്‍വെയിലും നവീന്‍ പട്‌നായിക്കിനെ തന്നെയാണ് ഏറ്റവുമധികം പേര്‍ പിന്തുണച്ചത്.
Story Highlights : India today mood of the nation survey best cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here