പഴയ ഫോൺ ഹാജരാക്കാൻ കഴിയില്ല; ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്ന് മറുപടിയില്‍ ദിലീപ്; മറുപടിയുടെ പകർപ്പ് ട്വന്റിഫോറിന്

ഫോണ്‍ ഹാജരാക്കാനാകില്ലെന്ന് മറുപടി നല്‍കി ദിലീപ്. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ലെന്നും ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടറിനാണ് മറുപടി നല്‍കിയത് മറുപടിയുടെ പകര്‍പ്പ്ട്വന്റിഫോറിന് ലഭിച്ചു. ( dileep refuses to submit phone )
തന്നോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണാണ്. കൈവശമുള്ള മറ്റൊരു ഫോണില്‍ ബാലചന്ദ്ര കുമാറിനെതിരായ തെളിവുകളാണ് ഉള്ളത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം കോടതിയില്‍ നല്‍കാനാണ് തീരുമാനമെന്നും ദിലീപ് മറുപടിയിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്നും മറുപടിയില്‍ ദിലീപ് പറയുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ചിനെതിരായ ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്.
Read Also : ഗൂഡാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും
അതേസമയം, ഗൂഡാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെയും മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ അഭിഭാഷകന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരോട് അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തികമായി താന്‍ ബുദ്ധിമുട്ടിലായിരുന്നെന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്ഐആറിലെ കണ്ടെത്തല്‍. ‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്ന് ദിലീപ് ഭീഷണി മുഴക്കിയതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകള്‍ എടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായി ഗൂഡാലോചന കേസെടുത്തത്.
Story Highlights : dileep refuses to submit phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here