ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി: അപ്പീല്‍ നടപടി വേഗത്തിലാക്കി പൊലീസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ അപ്പീല്‍ നടപടി വേഗത്തിലാക്കി പൊലീസ്. അപ്പീല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഡി ജി പി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കേസിനെ സംബന്ധിച്ച വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും എ ജി ക്ക് കൈമാറിയിട്ടുമുണ്ട്. കേസില്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള വിചാരണക്കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.
അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇരയുടെ മൊഴിയില്‍ സ്ഥിരതയില്ലെന്നും, മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാന്‍ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാല്‍ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോള്‍ കന്യാസ്ത്രീ മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണാര്‍ത്ഥത്തില്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.
Story Highlights : appeal against bishop franco mulaykkal acquittal in nun rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here