ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന കേസും ഇന്ന് സുപ്രിംകോടതി പരിഗണിക്കും.(isro conspiracy case)
കേരള പൊലീസിലെ ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായ ആര്‍.ബി. ശ്രീകുമാര്‍, റിട്ടയേര്‍ഡ് ഐ.ബി ഉദ്യോഗസ്ഥന്‍ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്‍, ഹര്‍ജിയെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടുണ്ട്. ചാര പ്രവര്‍ത്തനത്തെ കുറിച്ച് 1994ല്‍ അന്നത്തെ ഐ.ബി ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിക്കണമെന്ന് ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നശിപ്പിച്ചത് സിബിഐയാണ്. ചാരപ്രവര്‍ത്തനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നും മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പി എസ് ജയപ്രകാശ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് സിബിഐ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആര്‍ ബി ശ്രീകുമാര്‍. എസ്. വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. ആര്‍. ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ ആരോപിച്ചിട്ടുണ്ട്.
Read Also : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി
പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും പല സാക്ഷികളും മൊഴി നല്‍കാന്‍ തയാറാകില്ലെന്നും സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.
Story Highlights : isro conspiracy case, CBI, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here