Advertisement

ധനകമ്മി കുറച്ച് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാകും ബജറ്റെന്ന് ബാങ്ക് ഓഫ് ബറോഡ റിപ്പോര്‍ട്ട്

January 29, 2022
2 minutes Read

ഫെബ്രുവരി 1ന് അവതരിപ്പിക്കപ്പെടുന്ന ബജറ്റിനെ സംബന്ധിച്ച് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ഥാപനങ്ങളും കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിവരികയാണ്. പല സ്ഥാപനങ്ങളും ബജറ്റിന് മുന്നോടിയായുള്ള അന്തിമഘട്ട ചര്‍ച്ചകളിലും പ്ലാനിങ്ങിലുമാണ്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സമാനതകളില്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ അതിനെ കുടഞ്ഞെറിഞ്ഞ് സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ നയരൂപീകരണം നടത്തുകയെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ഉറപ്പിച്ചുകഴിഞ്ഞു. ഈ വിലയിരുത്തലിന് സമാനമായ എക്കണോമിക് റിസേര്‍ച്ച് റിപ്പോര്‍ട്ടാണ് ബാങ്ക് ഓഫ് ബറോഡയും മുന്നോട്ടുവെക്കുന്നത്.

ധനകമ്മി കുറച്ചുകൊണ്ട് സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും ഈ വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രൊഡക്ഷന്‍ ലിന്‍ക്ഡ് ഇന്‍സെന്റിവ്(പി എല്‍ ഐ) സ്‌കീമുകള്‍ക്ക് ഡിമാന്റ് ഉയര്‍ത്തുന്നതിനായി ഉയര്‍ന്ന പ്രോത്സാഹനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി വിദേശ കമ്പനികള്‍ക്കൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ രീതിയിലുള്ള പ്രോത്സാഹനം ഉണ്ടാകും.

Read Also :ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍

മൊത്തം കടമെടുക്കല്‍ 12 മുതല്‍ 13 ട്രില്യണ്‍ എന്ന നിലയിലേക്ക് പരിമിതപ്പെടുത്താനാകും ശ്രമം നടക്കുക. ഇത്തരത്തില്‍ നീങ്ങിയാല്‍ 2022-2023 കാലയളവില്‍ ധനകമ്മി 6 ശതമാനത്തിനും 6.25 ശതമാനത്തിനും ഇടയിലായി നിലനിര്‍ത്താനാകുമെന്നാണ് ബാങ്ക് ഓഫ് ബറോഡ റിപ്പോര്‍ട്ട് പറയുന്നത്. 2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക.

Story Highlights : budget 2022 likely to aim at growth bob report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top