കേന്ദ്രസർക്കാർ പൊതുപണം ഉപയോഗിച്ച് പെഗസിസ് വാങ്ങിയത് ജനാധിപത്യത്തെ തകർക്കാൻ; സീതാറാം യെച്ചൂരി

പെഗസിസ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുപണം ഉപയോഗിച്ച് പെഗസിസ് വാങ്ങിയത് ജനാധിപത്യത്തെ തകർക്കാനാണ്. എന്തിന് പെഗസിസ് വാങ്ങിയെന്നും ആര് അനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു എന്നും അദ്ദേഹം ചോദിച്ചു. ആർക്കാണ് അതിൻ്റെ റിപ്പോർട്ട് കിട്ടിയതെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർണായക വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗസിസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗസിസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗസിസ് 2017 ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. സുപ്രിം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.
Story Highlights : sitaram-yechury-against-modi-government-over-pagasus-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here