Advertisement

മണിപ്പൂർ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി

January 30, 2022
1 minute Read

അനിശ്ചിതത്വത്തിനൊടുവിൽ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക ബിജെപി പുറത്തിറക്കി. കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നൽകിയ 60 സ്ഥാനാർത്ഥികളുടെ പേരുകൾ പാർട്ടി ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാലതാമസം വരുത്തുന്നത് പാർട്ടിക്കുള്ളിലെ വിഭാഗീയത മൂലമാണെന്ന ഊഹാപോഹങ്ങൾ ഉയർത്തിയിരുന്നു.

എല്ലാ മണ്ഡലങ്ങളിലും നാലും അഞ്ചും സ്ഥാനാർത്ഥികൾ ഉള്ളതാണ് പട്ടിക തയ്യാറാക്കുന്നതിൽ പാർട്ടി നേരിട്ട വെല്ലുവിളി. ജനുവരി 26-നകം നോമിനികളുടെ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒപ്പം തെരഞ്ഞെടുപ്പു നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയതും ചോദ്യങ്ങൾക്ക് വഴിവെച്ചു.

ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി നിർണായ കമ്മിറ്റി യോഗം ജനുവരി 21ന് ഇംഫാലിൽ ചേർന്നിരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗ്, ബിജെപി സംസ്ഥാന പ്രസിഡന്റ് എ ശാരദ, സംസ്ഥാന മന്ത്രി തോംഗം ബിശ്വജിത് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മറ്റ് പാർട്ടികളുടെ നേതാക്കൾ ബിജെപിയിൽ ചേക്കേറുന്നതാണ് പാർട്ടിയിലെ അസ്വാരസ്യങ്ങൾക്ക് ഒരു കാരണം. ഇതോടെ സീറ്റ് മോഹികളുടെ മത്സരം കടുത്തിരിക്കുകയാണ് ഉണ്ടായത്.

നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ജനുവരി 25ന് നാഷണൽ പീപ്പിൾസ് പാർട്ടി 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും പ്രഖ്യാപിച്ചു. അതിൽ ഉപമുഖ്യമന്ത്രി വൈ ജോയ്കുമാർ സിംഗ് ഉൾപ്പെടെ മൂന്ന് സിറ്റിംഗ് എം‌എൽ‌എമാർ അവരുടെ സീറ്റുകളിൽ മത്സരിക്കും. 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻപിപി ഒമ്പത് മണ്ഡലങ്ങളിൽ നോമിനികളെ നിർത്തി നാലെണ്ണം വിജയിച്ചിരുന്നു.

ഫെബ്രുവരി രണ്ടിന് നാഗാ പീപ്പിൾസ് ഫ്രണ്ട് കേന്ദ്ര ഓഫീസായ കൊഹിമയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. മണിപ്പൂർ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഫെബ്രുവരി 27 നും മാർച്ച് 3 നും വോട്ടെടുപ്പ്, മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

അതേസമയം കോൺഗ്രസിന്റെ മുൻനിര നേതാക്കൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണ്. ഇവരിൽ മണിപ്പൂർ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ ദ്വിജാമണിയും ഉൾപ്പെടുന്നു. 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ഇടം നേടാത്തതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയതെങ്കിലും എൻപിപി, എൻപിഎഫ്, ചില സ്വതന്ത്ര എംഎൽഎമാർ തുടങ്ങിയ ചെറുകക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. 28 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.

Story Highlights : bjp-ticket-list-in-manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top