മുൻ കാമുകിയുടെ പീഡന പരാതി; യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ

മുൻ കാമുകിയുടെ പീഡന പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യുവ ഇംഗ്ലണ്ട് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ. ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസാണ് 20കാരനായ താരത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. ഇന്നലെയാണ് ഗ്രീൻവുഡിനെതിരെ മുൻ കാമുകി രംഗത്തെത്തിയത്. ബലാത്സംഗം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് കാമുകി ഹാരിയട്ട് റോബ്സൺ ഉന്നയിച്ചത്. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും ഹാരിയട്ട് പുറത്തുവിട്ടിരുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും അറിയിച്ചു. താരം ടീമിനൊപ്പം പരിശീലനം നടത്തുകയോ കളിക്കുകയോ ചെയ്യില്ല. സംഭവത്തിൽ ക്ലബ് സ്വമേധയാ അന്വേഷണം നടത്തുമെന്നും യുണൈറ്റഡ് വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് യുവതി താൻ നേരിട്ട ലൈംഗികാതിക്രമ വിവിവരം പങ്കുവെച്ചത്. ശരീരത്തിലുടനീളമുള്ള ചതവും, രക്തം പുരണ്ട ചുണ്ടുകളുടെ ഫോട്ടോയും വിഡിയോകളും യുവതി പങ്കുവെച്ചു. ”മേസൺ ഗ്രീൻവുഡ് യഥാർത്ഥത്തിൽ എന്നോട് എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരോടും…” എന്ന അടിക്കുറിപ്പൊടെയാണ് യുവതിയുടെ പോസ്റ്റ്.
ഗ്രീൻവുഡും ഹാരിയറും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. ഇംഗ്ലണ്ട് അരങ്ങേറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഗ്രീൻവുഡ് ഐസ്‌ലാൻഡ് മോഡലുകളെ ഹോട്ടൽ മുറിയിൽ എത്തിച്ചത് വിവാദമായതിനെത്തുടർന്ന് 2020-ൽ ഇരുവരും പിരിഞ്ഞു.
ഗ്രീൻവുഡിന് 2024 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉണ്ട്. ഈ സീസണിൽ യുണൈറ്റഡിനായി 24 മത്സരങ്ങൾ കളിച്ച അദ്ദേഹം 6 ഗോളുകൾ നേടിയിട്ടുണ്ട്.
Story Highlights : Manchester United Mason Greenwood arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here