Advertisement

‘അദ്ദേഹം പ്രധാനമന്ത്രിയല്ല, ജനങ്ങളെ നിശബ്ദരാക്കുന്ന രാജാവ്’;മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍

February 5, 2022
0 minutes Read

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ അടിമുടി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പോലെയല്ല നരേന്ദ്രമോദി പെരുമാറുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. താന്‍ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ അത് ജനങ്ങള്‍ മിണ്ടാതെ അനുസരിക്കുമെന്ന് വിശ്വസിക്കുന്ന രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്ന് രാഹുല്‍ ആക്ഷേപിച്ചു.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടന്ന ഒരു വെര്‍ച്യുല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് ഒരു വര്‍ഷത്തോളം പ്രധാനമന്ത്രി രാജ്യത്തെ കര്‍ഷകരെ തെരുവിലിരുത്തി. കോണ്‍ഗ്രസ് ഒരിക്കലും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും നേരെ വാതില്‍ കൊട്ടിയടക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഏറെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കേന്ദ്രത്തിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് തുടര്‍ന്ന കര്‍ഷകരെ അഭിനന്ദിക്കുന്നതായി രാഹുല്‍ പറഞ്ഞു. രാജ്യത്ത് അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിച്ചതായി രാഹുല്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ അതിസമ്പന്നരായ 100 പേരിലേക്ക് രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കേന്ദ്രീകരിക്കപ്പെട്ടു. ഇത്തരമൊരു അന്തരം മറ്റൊരു രാജ്യത്തും കാണില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പൊരുതാന്‍ വന്‍കിട വ്യവസായികളുണ്ടായിരുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ പാവപ്പെട്ട കര്‍ഷകരാണ് ബ്രിട്ടീഷ് രാജിനെതിരെ പോരാടിയതെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്ക് ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top