ലഗ് ജാ ഗലേ മുതല്‍ ജിയാ ജലേ വരെ; തലമുറകള്‍ ഹൃദയം കൊണ്ട് കേട്ട ലതാജിയുടെ പത്ത് പാട്ടുകള്‍

പിന്നണി ഗായിക എന്ന രണ്ട് വാക്കുകള്‍ പറയുമ്പോഴേക്കും മനസില്‍ ഓടിയെത്തുന്ന വിധത്തിലുള്ള പാന്‍ ഇന്ത്യന്‍ മുഖമാണ് ലതാ മങ്കേഷ്‌കറുടേത്. തലമുറകള്‍ ഹൃദയം കൊണ്ട് പാട്ടുകള്‍ കേട്ടു എന്നത് ലതാ മങ്കേഷ്‌കറുടെ കാര്യത്തില്‍ വെറുമൊരു ആലങ്കാരിക പ്രയോഗമല്ല. മറിച്ച് സ്ഥല-ദേശങ്ങളെയും കാലങ്ങളേയും പോലും ഭേദിച്ച് ലതാ മങ്കേഷ്‌കറുടെ സ്വരം ഇന്ത്യക്കാരുടെ ഗൃഹാതുരത്വത്തിന്റേയും പ്രണയത്തിന്റേയും ദുഖത്തിന്റേയും ആഘോഷങ്ങളുടേയും പശ്ചാത്തലമാകുകയായിരുന്നു. ആഴമുള്ള എല്ലാ നിമിഷങ്ങളുടെ ഓരത്തും ഇന്ത്യക്കാരുടെ ബോധമണ്ഡലത്തില്‍ ലതാജിയുടെ സംഗീതം മുഴങ്ങിയിരുന്നു. കൂടുതല്‍ മനോഹരമേതെന്ന് തെരഞ്ഞെടുക്കുന്നത് അസാധ്യമാണെങ്കിലും ഒരു ജനത ഹൃദയം കൊണ്ട് കേള്‍ക്കുകയും നെഞ്ചിലേറ്റി തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്ത ലതാജിയുടെ അനശ്വരമായ പത്ത് ഗാനങ്ങള്‍ ഇതാ…
- ലഗ് ജാ ഗലേ സെ ഫിര്‍
ലതാ മങ്കേഷ്‌കറുടെ ശബ്ദത്തിന്റെ മാന്ത്രികത അനുഭവിക്കാന്‍ ഈ ഗാനം ഒന്ന് ശാന്തമായി കേട്ടാല്‍ മാത്രം മതി. വോ കോന്‍ തി എന്ന ചിത്രത്തിലെ ഈ ഗാനം പ്രണയത്തിന്റെ സുഖ ദുഖങ്ങളുടെ ആഴത്തെ മനോഹരമായി മനസിലേക്ക് സന്നിവേശിപ്പിക്കുന്നതാണ്. ഈ പാട്ടിന്റെ തന്നെ ചില വരികളുടെ അര്‍ഥം പോലെ ഇനി ഈ മനോഹരരാത്രി ഒരുപക്ഷേ ഒരിക്കലും തിരിച്ചുവരില്ലായിരിക്കും എന്ന് ലതാ ജിയുടെ വിയോഗവും ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു.
- പിയാ തോസെ നൈന
ബോളിവുഡ് പ്രണയഗാനങ്ങളില്‍ ഇപ്പോഴും ഒന്നാം നമ്പരായി തന്നെ നിലനില്‍ക്കുന്ന ഗാനമാണ് ലതാ ജി ആലപിച്ച പിയാ തോസെ നൈന. ഗൈഡ് എന്ന ചിത്രത്തിലെ ഈ ഗാനം 1965ലാണ് പുറത്തിറങ്ങിയത്.
3.തുജെ ദേഖാ തോ
ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെയിലെ ഈ ഗാനം ഒരിക്കലെങ്കിലും കേട്ട് ആസ്വദിക്കാത്ത ഒരു ഇന്ത്യക്കാരുമുണ്ടാകില്ല. നിത്യഹരിത ഗായികയുടെ ശബ്ദത്തില്‍ ഇപ്പോഴും പുതുമണം മാറാത്ത ഗാനമായിട്ടാണ് നമ്മുടെ മനസുകളില്‍ ഈ പാട്ട് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ മനസിന്റെ ഗൃഹാതുരത്വത്തിന്റെ ഭാഗമായ ഈ ഗാനം എക്കാലത്തേയും ഹിറ്റായതില്‍ അത്ഭുതപ്പെടാനില്ല.
4.ആപ് കി നസ്‌റോന്‍ നെ സമ്ചാ
മാലാ സിന്‍ഹയും ധര്‍മ്മേന്ദ്രയും അഭിനയിച്ച ഈ ഗാനം ലതാ മങ്കേഷ്‌കറിന്റെ സുവര്‍ണ നാദം കൊണ്ടാണ് ഇത്രയും സമ്പുഷ്ടമായത്. 1962ല്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ആയി പുറത്തിറങ്ങിയ ഈ ഗാനം ഇന്ത്യന്‍ ജനതയുടെ ഓര്‍മ്മകള്‍ക്ക് നിറം പിടിപ്പിക്കുന്നത് കൂടിയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ നിത്യഹരിത ഗാനം സമ്മാനിച്ചതിന് ഇന്ത്യക്കാരുടെ മനസില്‍ ലതാ ജി എന്നും ഓര്‍മ്മിക്കപ്പെടും.
- ജിയാ ജലേ
മണിരത്‌നത്തിന്റെ ദില്‍ സേ എന്ന ചിത്രത്തിലെ ജിയാ ജലേ എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. മലയാളക്കരയുടെ പശ്ചാത്തലത്തില്‍ ലതാ ജിയുടെ മധുരമുള്ള സ്വരം കൂടി ചേര്‍ന്നപ്പോള്‍ സംഗീത ആരാധകര്‍ക്ക് ഈ ഗാനം ഒരു വിരുന്ന് തന്നെയായി മാറി.
6.സത്യം ശിവം സുന്ദരം
സംഗീതത്തിനും വരികള്‍ക്കുമൊപ്പം ഈ ഗാനത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത് ലതാ മങ്കേഷ്‌കര്‍ എന്ന അതുല്യ പ്രതിഭയുടെ മാന്ത്രിക ശബ്ദമാണ്. ശാന്തമായി കേട്ടാല്‍ രോമാഞ്ചമുണര്‍ത്തുന്ന സത്യം ശിവം സുന്ദരം എന്ന ഗാനം തലമുറകള്‍ നെഞ്ചേറ്റിയതാണ്.
7.കബി ഖുഷി കബി ഹം
അമിതാ ബച്ചന്‍, ജയാ ബച്ചന്‍, ഷാരൂഖ് ഖാന്‍, കജോള്‍, റിത്വിക് റോഷന്‍, കരീന കപൂര്‍ എന്നിങ്ങനെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്ക് അകമ്പടിയായി ലതാ മങ്കേഷ്‌കരുടെ നാദം കൂടി മുഴങ്ങിയപ്പോള്‍ കബി ഖുഷി കബി ഹം എന്ന ഗാനം എക്കാലത്തേയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നായി മാറി.
8.ചല്‍തേ ചല്‍തേ
മണിമുത്തുകള്‍ വീണുചിതറുന്നതുപോലെ മനോഹരമായി ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഗാനമാണ് ചല്‍തേ ചല്‍തേ. നിത്യവും ഉപയോഗിക്കുന്ന സാധാരണ വാക്കുകള്‍ പോലും ഈ ഗാനത്തില്‍ ലതാ ജിയുടെ സ്വരമാധുരിയിലൂടെ പുറത്തുവന്നപ്പോള്‍ തലമുറകള്‍ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിട്ടുവെക്കുന്ന മുത്തുമണികളായി.
9.ഓ സജ്‌നാ ബര്‍ഖാ
സലില്‍ ചൗധരിയുടെ സംഗീതത്തില്‍ പുറത്തുവന്ന ഈ ഗാനത്തില്‍ ഓ സജ്‌നാ എന്ന് വിളിക്കുന്ന ലതാജിയുടെ ശബ്ദമാധുരി ഒന്ന് മാത്രം മതി അനശ്വര ഗായികയുടെ മഹത്വം അറിയാന്‍. 1960ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇന്നും സംഗീത പ്രേമികള്‍ക്ക് വളരെയധികം പ്രീയപ്പെട്ടതാണ്.
10.ആ മേരെ വതന്‍ കാ ലോഗോം
1962ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണാര്‍ഥം ലതാ ജി ആലപിച്ച ഈ ഗാനം ഇന്ത്യക്കാര്‍ക്ക് കേള്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചമുണ്ടാക്കുന്ന ഒന്നാണ്. 1963 ലെ റിപ്പബ്ലിക് ദിനത്തില്‍ ലതാ ജി ഈ ഗാനം ലൈവായി ആലപിച്ചപ്പോള്‍ കേള്‍വിക്കാര്‍ നിറകണ്ണുകളോടെയാണ് ഈ ഗാനമാധുര്യം ഏറ്റുവാങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here