റാവത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് ബിജെപി; നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഉത്തരാഖണ്ഡ് ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചു. റാവത്തിനെ മുസ്ലീം പുരോഹിതനായി ചിത്രീകരിച്ച് വർഗീയ നിറം നൽകാൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് നോട്ടീസ്.
കോൺഗ്രസിന്റെ ആരോപണങ്ങൾ ഗൗരവമായി എടുത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരാഖണ്ഡ് ബിജെപിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടുകയും ചെയ്തു. നോട്ടീസിൽ ഗുരുതരമായ വകുപ്പുകൾ പരാമർശിച്ചിട്ടുണ്ട്. ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നും വോട്ടെണ്ണൽ മാർച്ച് 10 നും നടക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന ഇടമാണ് ഉത്തരാഖണ്ഡ്. എങ്ങനെയും ദേവഭൂമിയിൽ ഭരണം പിടിക്കുകയെന്നതാണ് കോൺഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെ മുന്നിൽ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹരീഷ് റാവത്തിനു പുറമേ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോദിയാൽ, ബി.ജെ.പി. സർക്കാരിനെ വെറും 11 എം.എൽ.എ.മാരെ വെച്ചുമാത്രം നേരിട്ട പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അച്ചുതണ്ട്. ഇതിൽ റാവത്തും ഗോദിയാലും ഒറ്റക്കെട്ടാണ്.
Story Highlights: ec-notice-to-bjp-over-harish-rawats-morphed-photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here