Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്: പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

February 6, 2022
0 minutes Read

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രചരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റ പുതിയ ഉത്തരവ്. ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാത്രി8 മണി മുതല്‍ രാവിലെ 8 മണി വരെയുള്ള വിലക്കിന് മാറ്റമില്ല. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലാ അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന ഗ്രൗണ്ടുകളില്‍ മാത്രമാണ് പൊതുപരിപാടികള്‍ നടത്താന്‍ അനുമതി. ഗ്രൗണ്ടുകളുടെ പരമാവധി ശേഷിയും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും സംബന്ധിച്ച് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇത് പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബാധ്യസ്ഥരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ശനിയാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരില്‍ ചെറിയൊരു ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top