എറിഞ്ഞുപിടിച്ച് ഇന്ത്യ; പൊരുതി ഹോൾഡർ: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾഔട്ടായി. 57 റൺസെടുത്ത ജേസൻ ഹോൾഡർ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ നാലും വാഷിംഗ്ടൺ സുന്ദർ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. (india runs west indies)
മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്തത്. ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ അവർ വിൻഡീസിനെ നിരന്തരം പരീക്ഷിച്ചു. ഏറെ വൈകാതെ ഇതിനു ഫലവും കണ്ടു. വിൻഡീസിൻ്റെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ഷായ് ഹോപ്പിനെ (8) ക്ലീൻ ബൗൾഡാക്കി സിറാജ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിക്കുമ്പോൾ സ്കോർബോർഡിൽ ഉണ്ടായിരുന്നത് വെറും 13 റൺസ്. രണ്ടാം വിക്കറ്റിൽ ബ്രാൻഡൻ കിംഗും ഡാരൻ ബ്രാവോയും ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ, ബ്രാൻഡനെ (13) സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ച വാഷിംഗ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു. അതേ ഓവറിൽ തന്നെ ഡാരൻ ബ്രാവോയും (18) മടങ്ങി. ബ്രാവോ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.
നന്നായി തുടങ്ങിയ നിക്കോളാസ് പൂരാനെയും (18), കീറോൺ പൊള്ളാർഡിനെയും (0) തുടരെ രണ്ട് പന്തുകളിൽ പുറത്താക്കിയ യുസ്‌വേന്ദ്ര ചഹാൽ വിൻഡീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. പൂരാൻ വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ പൊള്ളാർഡിൻ്റെ കുറ്റിതെറിച്ചു. ഷമാർ ബ്രൂക്സിനെ (12) ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ച് ചഹാലും അകീൽ ഹുസൈനെ (0) പന്തിൻ്റെ കൈകളിലെത്തിച്ച് പ്രസിദ്ധ് കൃഷ്ണയും വിൻഡീസിനെ ചുരുട്ടിക്കൂട്ടി.
എന്നാൽ, എട്ടാം വിക്കറ്റിൽ ജേസൻ ഹോൾഡറും ഫേബിയൻ അലനും ഒത്തുചേർന്നു. ഇന്ത്യൻ ആക്രമണത്തെ സമർത്ഥമായി നേരിട്ട സഖ്യം കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി സ്കോർ നിരക്ക് കാത്തുസൂക്ഷിച്ചു. 78 റൺസിൻ്റെ അമൂല്യമായ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഇതിനിടെ ഹോൾഡർ ഫിഫ്റ്റിയടിച്ചു. ഫേബിയൻ അലനെ (29) സ്വന്തം ബൗളിംഗിൽ പിടികൂടിയ വാഷിംഗ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ ജേസൻ ഹോൾഡർ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഋഷഭ് പന്തിനു പിടികൊടുത്ത് മടങ്ങി. അൽസാരി ജോസഫിനെ (13) സൂര്യകുമാറിൻ്റെ കൈകളിലെത്തിച്ച ചഹാൽ വിൻഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.
Story Highlights: india need 177 runs to win vs west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here