Advertisement

ദുഖിക്കുന്ന സംഗീത ലോകത്തിനൊപ്പം; ഇതിഹാസ ഗായികയെ അനുസ്മരിച്ച് പ്രമുഖര്‍; ഞെട്ടല്‍ മാറാതെ ബോളിവുഡ്

February 6, 2022
16 minutes Read

തലമുറകളെ സ്വരമാധുര്യം കൊണ്ട് കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ എന്ന ഇതിഹാസ ഗായികയുടെ മരണം ഉള്‍ക്കൊള്ളാനുള്ള പാകത ആര്‍ജിക്കാന്‍ ആരാധകര്‍ പരിശ്രമിക്കുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. ലതാ മങ്കേഷ്‌കറിന്റെ അന്ത്യം സംഗീത ലോകത്തിന്റെ ഒരു യുഗാന്ത്യം കൂടിയാണെന്ന് മനസിലാക്കുന്നതുകൊണ്ടാണ് ആരാധകര്‍ക്ക് ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ പ്രയാസം. ഇന്ത്യന്‍ പിന്നണി ഗാനരംഗത്തിന്റെ മുഖമായി കോടിക്കണക്കിന് ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്ന ലതാ മങ്കേഷ്‌കര്‍ ഇനി ഇല്ല എന്നത് സിനിമ രംഗത്തെ മാത്രമല്ല രാജ്യത്തെ സമസ്ത രംഗങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. ഇതിഹാസ ഗായികയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കല, സാസംകാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ് അവശേഷിപ്പിച്ചാണ് ലത വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലതാ മങ്കേഷ്‌കറെ സ്പീക്കര്‍ എം ബി രാജേഷും അനുസ്മരിച്ചു. ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്. മലയാളത്തിലെ കദളി ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്‌കര്‍ ഗാനാലാപനം നടത്തിയിട്ടുണ്ട്.സമാനതകളില്ലാത്ത ഈ ഗായികയുടെ നിര്യാണം ഇന്ത്യന്‍ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.

തലമുറകളുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഗീത പ്രേമികളുടെ മനസില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ മധുരം നിറച്ച ഗായികയാണ് ലതാ മങ്കേഷ്‌കറെന്ന് അമിത് ഷാ അനുസ്മരിച്ചു. ലതാ ദീദിയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ എന്നു നിത്യഹരിതമായി നിലനില്‍ക്കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അനുസ്മരിച്ചത്. ലതാ മങ്കേഷ്‌കറുടെ ശബ്ദത്തിന് മരണമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അനുസ്മരണം.

ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ താന്‍ ആഴത്തില്‍ ദുഖിക്കുന്നുവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പറഞ്ഞു. ലതാജിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലതാ മങ്കേഷ്‌കറുടെ ഒരു പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് ഇതിഹാസ ഗായികയെ അനുസ്മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top