തെളിവുകൾ വിശ്വാസയോഗ്യമല്ല, കെട്ടിച്ചമച്ചത്; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

ഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി സമർപ്പിക്കും. അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനെ നാളെ ഹൈക്കോടതിയെ സമീപിക്കും. എഫ് ഐ ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ഹർജിയിൽ ദിലീപ് ഉയർത്തുന്ന ആരോപണം. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമവും ഇപ്പോൾ നടത്തുന്നുണ്ട്. ഇതിൽ കാര്യക്ഷമമായ ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് പറയുന്നു. സർക്കാരിന്റെ മറുപടി കൂടി പരിഗണിച്ചേ ഹൈക്കോടതി ഹർജിയിൽ തുടർ നടപടികൾ തീരുമാനിക്കൂ.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ശബ്ദസാമ്പിള്‍ നല്കി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാണ് ദിലീപ് ശബ്ദസാമ്പിള്‍ നല്‍കിയത്. സംവിധായകന് ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളുടെ പശ്ചാത്തലത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ശബ്ദപരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് വീണ്ടും അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.
Read Also : ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി എത്തി
അതേസമയം കേസിന്റെ അന്വേഷണവുമായി പ്രതികൾ പൂർണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉപാധികൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.
Story Highlights: dileep will file a petition seeking cancellation of the FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here