ഐപിഎൽ മെഗാ ലേലം: ജേസൻ ഹോൾഡറിനായി ബാംഗ്ലൂർ പണം വാരിയെറിയുമെന്ന് സൂചന

ഐപിഎൽ മെഗാ ലേലത്തിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡറിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പണം വാരിയെറിയുമെന്ന് റിപ്പോർട്ട്. ഹോൾഡറിനായി ആർസിബി 12 കോടി രൂപ വരെ മുടക്കാൻ തയ്യാറാവുമെന്നാണ് സൂചന. അമ്പാട്ടി റായുഡു, റിയൻ പരഗ് എന്നിവർക്കായും ആർസിബി ശ്രമിക്കുമെന്നും സൂചനയുണ്ട്. (ipl jason holder rcb)
ലേലത്തിൽ ശ്രേയാസ് അയ്യരിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. ശ്രേയാസിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറയുന്നു. വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം മാറ്റിവച്ചതിനാൽ ബാംഗ്ലൂർ പുതിയ ഒരു ക്യാപ്റ്റനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഡൽഹി ക്യാപിറ്റൽസ് മുൻ നായകനായ ശ്രേയാസ് മികച്ച ക്യാപ്റ്റനെന്ന പേരെടുത്തിട്ടുള്ള താരമാണ്. അതുകൊണ്ട് തന്നെ ശ്രേയാസ് ബാംഗ്ലൂരിലെത്താൻ സാധ്യത ഏറെയാണ്.
Read Also : ‘ശ്രേയാസ് അയ്യരിനായി ബാംഗ്ലൂർ 20 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം
മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്.
Story Highlights: ipl auction jason holder rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here