കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, ലവ് ജിഹാദിന് 10 വര്‍ഷം തടവ്; യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ജെ പി. ലോക് കല്യാണ്‍ സങ്കല്പ പത്ര എന്ന പേരിലാണ് പ്രകടന പത്രിക. സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബി ജെ പി പത്രികയിലുള്ളത്. ഇരട്ട എഞ്ചിനുള്ള ബി ജെപി സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്കിയ 212 വാഗ്ദാനങ്ങളില്‍ 92 ശതമാനം വാഗ്ദാനങ്ങളും പാലിക്കപ്പെട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പത്രിക പുറത്തിറക്കിക്കൊണ്ട് അവകാശപ്പെട്ടു.
ബി ജെ പിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കര്‍ഷക രോഷത്തെ മയപ്പെടുത്താനായി കര്‍ഷകര്‍ക്കായി ഒട്ടനവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലൂടെ ബി ജെ പി നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യമായി വൈദ്യുതി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കൃഷി ആവശ്യത്തിനായി ബോര്‍വെല്ലുകളും കിണറുകളും കുഴിക്കുന്നതിനും സര്‍ക്കാര്‍ സഹായമുണ്ടാകും. ധാന്യങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രൊസസിംഗ് സെന്ററുകളും കോള്‍ഡ് സ്റ്റോറേജുകളും ആരംഭിക്കുമെന്നും ബി ജെ പി പറഞ്ഞു.
വീണ്ടും അധികാരം ലഭിച്ചാല്‍ സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനേകം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് ബി ജെ പിയുടെ വാഗ്ദാനം. സാധു കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വിവാഹ ധനസഹായം നല്‍കും. ഉജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഗ്യാസ് ലഭ്യമാക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ബി ജെ പി വാക്കുനല്കി. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും ബി ജെ പി പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ മെഗാ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്നും വാഗ്ദാനമുണ്ട്.
Story Highlights: manifesto bjp in up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here