ഡ്രെയിനേജില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം, സംഭവം തമിഴ്നാട്ടില്‍

ഡ്രെയിനേജില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ നല്ലൂരിനടുത്താണ് സംഭവം. തിരക്കേറിയ തിരുപ്പൂര്‍ – ധാരാപുരം ഹൈവേയില്‍ രാവിലെ 8.30ഓടെ വഴിയാത്രക്കാരാണ് ഉപേക്ഷിച്ച നിലയില്‍ നീല സ്യൂട്ട്‌കേസ് കണ്ടെത്തിയത്.
സ്യൂട്ട്‌കേസിന്റെ പല ഭാഗങ്ങളിലും രക്തക്കറയുടെ പാടുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നല്ലൂര്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
രാത്രി ധരിക്കുന്ന വസ്ത്രമായിരുന്നു സ്ത്രീ ധരിച്ചിരുന്നതെന്നും അവരുടെ കൈയില്‍ പച്ചകുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഏകദേശം 25-30 വയസ് പ്രായമുണ്ടായിരിക്കണം. ഫാറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തി മടങ്ങി. മൃതദേഹം അഴുകിയ നിലയിലായിരുന്നില്ല. പുറമേ അധികം മുറിവുകളുമുണ്ടായിരുന്നില്ല. മരിച്ച സ്ത്രീയുടെ കഴുത്തില്‍ ഒരു അടയാളം കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ ഇന്‍സ്‌പെക്ടര്‍ എസ്. രമേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊന്നതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മുഴുവന്‍ വിവരങ്ങളും വ്യക്തമാവുകയുള്ളൂ. കേസിന്റെ തുടരന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് ശ്രമം.
ഇതുവരെ മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
നഗരത്തിലാകെ വാര്‍ത്ത പരന്നതോടെ, സ്യൂട്ട്‌കേസ് കാണാനായി ആളുകള്‍ ചുറ്റും കൂടുകയും ജനത്തിരക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചുറ്റും ബാരിക്കേഡ് സ്ഥാപിച്ചാണ് പൊലീസ് നാട്ടുകാരെ മാറ്റിയത്.
Story Highlights: Tamil Nadu: Woman’s body found in suitcase in Tiruppur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here