രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0).
മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം. 76 റൺസെടുക്കുന്നതിനിടെ വെസ്റ്റിൻഡീസിന്റെ അഞ്ച് ബാറ്റർമാരാണ് കൂടാരം കയറിയത്. 44 റൺസെടുത്ത ശമർ ബ്രൂക്ക്‌സാണ് വെസ്റ്റിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളില്‍ 24 റണ്‍സുമായി ഒഡെയാന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.
ഒമ്പത് ഓവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ യുവ പേസ്ബൗളർ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
Story Highlights: india-vs-west-indies-2nd-odi-live-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here