കുറവൻകോണം കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്തുവിട്ട് പൊലീസ്

കുറവൻകോണം കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു. പ്രതിയെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ പോകുന്ന ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. മുട്ടടയിൽ നിന്ന് കേശവദാസപുരം ഭാഗത്തേക്കാണ് ഇയാൾ സ്കൂട്ടറിൽ പോയത്.
കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.
വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവൻകോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ചോരവാർന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
Read Also : കുറവൻകോണം കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ 24ന്
ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
Story Highlights: kuravankonam murder Police released visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here