Advertisement

എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്; അറിയേണ്ടതെല്ലാം

February 10, 2022
1 minute Read
peritoneal dialysis

സംസ്ഥാനത്ത് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലാണ് ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന ഈ പദ്ധതിക്ക് തുടക്കമാകുന്നത്. ഇതു തീര്‍ത്തും സൗജന്യമായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. വൃക്ക രോഗികളുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍
തീരുമാനം. എന്താണ് ഈ പെരിറ്റോണിയല്‍ ഡയാലിസസ് എന്ന് നോക്കാം.

എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്

ഡയാലിസിസ് എന്ന വാക്കിന്റെ അര്‍ത്ഥം നീക്കം ചെയ്യുക എന്നാണ്. ലളിതമായി പറഞ്ഞാല്‍ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. രണ്ട് തരം ഡയാലിസിസുകള്‍ ഉണ്ട്. ഹീമോഡയാലിസിസ്, പെരിറ്റോണിയല്‍ ഡയാലിസിസ് എന്നിവയാണവ. ഉദരത്തിനുള്ളിലെ അവയവങ്ങളെ ആവരണം ചെയ്യുന്ന നേര്‍ത്ത ഭാഗമാണ് പെരിറ്റോണിയം. രക്തത്തിലെ അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള ഇവയുടെ കഴിവാണ് പെരിട്ടോണിയല്‍ ഡയാലിസിസില്‍ പ്രയോജനപ്പെടുത്തുന്നത്. രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറയ്ക്കുന്ന പ്രക്രിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ഒരു തവണ ഇത് പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍, പിന്നീട് വീട്ടില്‍ വച്ച് തന്നെ രോഗിക്ക് ഡയാലിസിസ് ദ്രാവകം പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കും.

നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു. രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പ്രക്രിയ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസില്‍ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയല്‍ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

എന്താണ് ഹീമോഡയാലിസിസ്

മനുഷ്യരില്‍ ഹീമോഡയാലിസിസ് ചെയ്യുന്നതിന് പ്രത്യേകമായി ഉണ്ടാക്കിയ ഒരു യന്ത്രം വിജയകരമായി ഉപയോഗിച്ചത് 1945ലാണ് . കൃത്രിമവൃക്ക ഉപയോഗിച്ച് രോഗിയുടെ ശരീരത്തിനുള്ളിലുള്ള മാലിന്യപദാര്‍ഥങ്ങളും അമിതജലവും പുറന്തള്ളുന്ന പ്രക്രിയയാണ് ഇത്. ശാസ്ത്രപുരോഗതിക്കനുസരിച്ച് ഈ യന്ത്രത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇന്ന് ലോകവ്യാപകമായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയാലിസിസ് നടത്തുന്നു.

ഇന്ത്യയില്‍ ഹീമോഡയാലിസിസ് നടത്തിത്തുടങ്ങിയിട്ട് 40 വര്‍ഷത്തിലധികമായി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. രോഗിയില്‍നിന്നും ഒരു സൂചി ഉപയോഗിച്ച് രക്തം ഒരു പമ്പിന്റെ സഹായത്തോടെ പുറത്തേയ്ക്കെടുത്ത് ഡയലൈസര്‍ അതായത് കൃത്രിമവൃക്ക എന്നു വിളിക്കുന്ന ഒരു പ്രത്യേക അരിപ്പയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തം മാലിന്യങ്ങളില്‍നിന്നും അധിക ദ്രാവകങ്ങളില്‍നിന്നും മുക്തമാവുകയും ശുദ്ധമായ രക്തം തിരികെ രോഗിയുടെ ശരീരത്തിലേക്കുതന്നെ പ്രവേശിക്കുകയും ചെയ്യുന്നു.

പെരിറ്റോണിയം ഡയാലിസിനുളള സാമഗ്രികള്‍ സൗജന്യമാണോ

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, മറ്റു അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കും. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതത് ആശുപത്രികളില്‍ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് നല്‍കുക.

Read Also : ഈ ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം

ഏതൊക്കെ ജില്ലകളിലാണ് പെരിറ്റോണിയല്‍ ഡയാലിസിസ് നടപ്പിലാക്കുന്നത്

സംസ്ഥാനത്ത് 11 ജില്ലകളിലാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീര്‍ത്തും സൗജന്യമായിരിക്കും. തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ , എറണാകുളം , തൃശൂര്‍ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 92 ആശുപത്രികളിലായി പ്രതിമാസം 40,000-ത്തോളം രോഗികള്‍ക്കാണ് ഹീമോഡയാലിസിസ് നല്‍കി വരുന്നത്. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ വലിയ ശതമാനം രോഗികള്‍ക്കും ആശുപത്രികളില്‍ പോകാതെ തന്നെ ഡയാലിസിസ് നടത്താന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടല്‍.

Story Highlights: peritoneal dialysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top