കണ്ണൂരിലെ ബോംബേറ്: പ്രധാന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍ തോട്ടടയിലെ ബോംബേറില്‍ പ്രധാന പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവര്‍ ഏച്ചൂര്‍ സ്വദേശികളാണ്. നേരത്തെ കസ്റ്റഡിയിലെടുത്ത തോട്ടട സ്വദേശികളെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. കൊലപ്പെട്ട ജിഷ്ണു ബോംബുമായെത്തിയ സംഘത്തിലെ അംഗമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ബോംബെറിഞ്ഞ സംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്. ആദ്യമായി എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം. ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം ഈ സംഘം ഒരു ട്രാവലറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു.
ഇന്ന് ഉച്ചക്കാണ് കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ വിവാഹവീട്ടില്‍ യുവാക്കള്‍ രണ്ടു സംഘങ്ങളായി ഏറ്റുമുട്ടിയിരുന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി സി പി ഐ എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉണ്ടായത്. പൊലീസ് എത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. കോണ്‍ഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് വന്നത്. തുടര്‍ന്ന് ഇരുഭാഗത്തുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.
Story Highlights: kannur bomb blast main accused custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here