‘ഗവര്‍ണര്‍മാര്‍ അധികാരം ദുരുപയോഗം ചെയ്യുന്നു’; സ്റ്റാലിനും മമത ബാനര്‍ജിയും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു

ഗവര്‍ണര്‍മാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമായി ഉന്നയിക്കുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഗവര്‍ണറുടെ ഇടപെടലുകളേയും അധികാര പരിധികളേയും കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു കൂടിക്കാഴ്ചയ്ക്ക് തന്നെ ക്ഷണിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള മറ്റ് ബിജെപി ഇതര മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
സംസ്ഥാന ഗവര്‍ണര്‍മാരുടെ ധിക്കാരപരമായ അധികാര ദുര്‍വിനിയോഗത്തിലുള്ള ആശങ്കയും വേദനയും പങ്കുവെക്കാനായി ദീദി തന്നെ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള ഡിഎംകെയുടെ പ്രതിബദ്ധത മമത ബാനര്‍ജിയെ അറിയിച്ചെന്നും സ്റ്റാലിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഡല്‍ഹി, ഛത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ദേശീയ മെഡിക്കല്‍ എന്‍ട്രന്‍സ് ഒഴിവാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് വിരുദ്ധ ബില്‍ ഗവര്‍ണര്‍ തടയുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി അഭിപ്രായ ഭിന്നത രൂക്ഷമായത്.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഗവര്‍ണറെ നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുകളയച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും മമത ബാനര്‍ജി മുന്‍പ് ആരോപിച്ചിരുന്നു. രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണ് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ളത്.
Story Highlights: mamta banerjee and mk stalin may meet soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here