നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെട്ട പോക്സോ കേസ്; സൈജു തങ്കച്ചനെ ചോദ്യം ചെയ്തു

നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെട്ട പോക്സോ കേസിൽ കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചനെ ചോദ്യം ചെയ്തു. സൈജു തങ്കച്ചന്റെ ഫോണിൽ കോഴിക്കോട് സ്വദേശി അഞ്ജലിയുടെ ദൃശ്യങ്ങൾ കണ്ടെത്തി. അഞ്ജലി നമ്പർ 18 ഹോട്ടലിലെ നിത്യ സന്ദർശകയെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഇതിനിടെ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് ഉള്‍പ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.
താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മകളെ മുന്‍നിര്‍ത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാനത് പുറത്തുപറയാതിരിക്കാനാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്’. അഞ്ജലി പ്രതികരിച്ചു
റോയ് വയലാറ്റ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നല്‍കാന്‍ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ഔഡി കാറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാര്‍ട്ടി ഹാളില്‍ സീരിയല്‍ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
Story Highlights: No.18 hotelier Roy Violet; questioned Saiju Thankachan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here