ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ആദ്യഡോസ് മരുന്ന് നല്‍കിയശേഷം ആവശ്യമെങ്കില്‍ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിലേക്കോ, മെഡിക്കല്‍ കോളജിലേക്കോ വിദഗ്ധ ചികിത്സയ്ക്കായി റഫറല്‍ നല്‍കും.
‘ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി, രോഗിയുടെ ഭാരം, ഏത് തരത്തിലുള്ള രക്തസ്രാവം എന്നിവ പരിഗണിച്ച് ഒരു ഡോസ് മരുന്ന് രോഗിയുടെ കൈവശം കൊടുത്ത് വിടുന്നതിന് അനുവാദമുണ്ട്. ഇത്തരത്തില്‍ നല്‍കിയിട്ടുള്ള മരുന്നുകള്‍ ഒരു യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറുടെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് രോഗി ഉറപ്പ് വരുത്തണം.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോള്‍ ആധാരമാക്കിയാണ് ഹീമോഫീലിയ രോഗികളില്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന സമയത്തും സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കുട്ടികളുടെ പ്രൊഫൈലാക്സിസ് ചികിത്സ ഡിസ്ട്രിക് ഡേ കെയര്‍ സെന്റര്‍ മുഖാന്തരം മാത്രമാണ് ലഭ്യമാക്കുക. ഇത് കൂടാതെ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ഹീമോഫീലിയ ക്ലിനിക്കുകള്‍ ജില്ലാ ഡേ കെയര്‍ സെന്റര്‍ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റര്‍ മുഖാന്തരവും നടത്തുന്നതാണ്. എല്ലാ രോഗികളും മാസത്തില്‍ ഒരിക്കല്‍ ഈ ക്ലിനിക്കുകളില്‍ പങ്കെടുത്ത് ആവശ്യമായ പരിശോധനകള്‍ നടത്തി ആരോഗ്യനിലവാരം ഉറപ്പാക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയും സ്ഥിരമായി തെറാപ്പികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
Read Also : കോട്ടയം മെഡിക്കല്‍ കോളജിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം കൂടുതല്‍ രക്തസ്രാവം തടയുന്നതിനും സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പരിശീലനം ലഭിച്ച ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദേശിക്കുന്ന ചിട്ടയായ വ്യായാമവും, ഫിസിയോതെറാപ്പിയും അത്യന്താപേക്ഷിതമാണ്’. ആരോഗ്യമന്ത്രി അറിയിച്ചു.
Story Highlights: haemophilia, Veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here