കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട ഒരാളെ പിടികൂടി. അന്തേവാസിയായ ഉമ്മുക്കുൽസുവിനെയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മലപ്പുറം കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മുക്കുൽസു പിടിയിലായത്. ഏത് സാഹചര്യത്തിലാണ് ഉമ്മുക്കുൽസു കളക്ടറുടെ വീട്ടിലെത്തിയതെന്ന് വ്യക്തമല്ല.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികളാണ് ഇന്ന് രാവിലെ ചാടിപ്പോയത് . ഉമ്മുക്കുൽസുവിനൊപ്പം ഒരു പുരുഷനാണ് ചാടിപ്പോയത്.കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ തന്നെയാണ് വീണ്ടും സുരക്ഷാവീഴ്ച നടന്നിരിക്കുന്നത്. ഒൻപതാം വാർഡിലായിരുന്നു പുരുഷനായ അന്തേവാസി. കൊലപാതകം നടന്നത് വാർഡ് 5 ലെ സെൽ നമ്പർ 10 ലായിരുന്നു.
വെള്ളം നനച്ച് ഭിത്തി കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് ഉമ്മുക്കുൽസു രക്ഷപ്പെട്ടത്. അന്തേവാസിയായ പുരുഷൻ രക്ഷപ്പെട്ടത് കുളിക്കാൻ പോകുന്നതിനിടെയാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
Read Also :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി
ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്. ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
Story Highlights: Kuthiravattom mental health center- escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here