സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഷമ സ്വരാജ് ഗുജറാത്തിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തിയതും തന്റെ കുടുംബത്തില്‍ ജനിച്ച ഒരു കുഞ്ഞിന് സുഷമ എന്ന പേരിടാനുണ്ടായ സാഹചര്യവും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി സുഷമ സ്വരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘ഇപ്പോള്‍ ജലന്ദറിലെ റാലികള്‍ക്ക് ശേഷമുള്ള യാത്രയിലാണ് ഞാന്‍. ഇന്ന് സുഷമാജിയുടെ ജന്മദിനമാണ്. ഈ അവസരത്തില്‍ സുഷമാജിയോടൊത്തുള്ള ഒരു ഓര്‍മ മനസിലേക്ക് ഓര്‍മവരികയാണ്. അത് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു..
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി സുഷമാജി ഗുജറാത്തിലെത്തി. ആ തെരഞ്ഞെടുപ്പില്‍ സംഘടനാതലത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ ഗ്രാമമായ വാദ്‌നഗറില്‍ സുഷമാജി വന്നപ്പോള്‍ എന്റെ വീട്ടിലെത്തി അമ്മയെയും സന്ദര്‍ശിച്ചു. ആ സമയത്താണ് എന്റെ കുടുംബത്തിലെ അടുത്ത ബന്ധു ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. കുഞ്ഞ് ജനിച്ചതോടെ ബന്ധുക്കള്‍ ജ്യോത്സനെ കാണുകയും നക്ഷത്രം നോക്കുകയും പേര് തീരുമാനിക്കുകയും ചെയ്തു.
പക്ഷേ എന്റെ അമ്മ സുഷമാജിയെ കണ്ടപ്പോള്‍ സുഷമ എന്ന പേരേ കുഞ്ഞിന് ഇടുകയുള്ള എന്ന് തീരുമാനിക്കുകയാണ് ചെയ്തത്. എന്റെ അമ്മ ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പുരോഗമനപരമായ ആശയങ്ങളാണ് അവരുടേത്. ആ സമയത്തൊക്കെ അവര്‍ മറ്റുള്ളവരെ വിലയിരുത്തിയത് ഏത് രീതിയിലായിരുന്നെന്ന് ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ഈ പിറന്നാള്‍ ദിനത്തില്‍ സുഷമാജിയെ ഓര്‍മിക്കുന്നു…’. പ്രധാനമന്ത്രി കുറിച്ചു.
Story Highlights: sushma swaraj, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here