Advertisement

യുദ്ധ സാഹചര്യം, ഇന്ത്യക്കാര്‍ ഉടന്‍ ഉക്രൈന്‍ വിടണമെന്ന് എംബസി

February 15, 2022
2 minutes Read

റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. അനുദിനം സാഹചര്യങ്ങള്‍ മോശമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി അടിയന്തര അറിയിപ്പ് നല്‍കിയത്.

ഉക്രൈനിലേക്കുള്ള താത്കാലിക യാത്രകളും ഒഴിവാക്കണം. എന്നാല്‍ ഉക്രൈനിലുള്ള ഇന്ത്യന്‍ എംബസി താത്കാലികമായി അടയ്ക്കില്ല. അവിടെ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍ എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ മറ്റ് പല വിദേശരാജ്യങ്ങളും സമാന രീതിയിലുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Read Also : ഹിജാബ് വിഷയത്തില്‍ ആശങ്ക അറിയിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍

റഷ്യ ഉക്രൈനെ ഏത് നിമിഷവും ആക്രമിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ച് കഴിഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ ഉക്രൈന്‍ വിടണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും യുഎസ് അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ലെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.

റഷ്യന്‍ സൈനികരുടെ തുടര്‍ച്ചയായ ബില്‍ഡ്-അപ്പ്, അവര്‍ നിലയുറപ്പിക്കുന്ന രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന സൈനികാഭ്യാസങ്ങളുടെ തുടക്കം എന്നിവ റഷ്യ, ഉക്രൈനെ അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടതിന്റെ സൂചനയാണെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. യുദ്ധഭീതി രൂക്ഷമായതിനിടെ യുകെ, കാനഡ, നെതര്‍ലാന്‍ഡ്സ്, ലാത്വിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉക്രൈന്‍ വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Story Highlights: Embassy urges Indians to leave Ukraine immediately

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top