അരാമെക്സിന്റെ വ്യാജ ലിങ്ക് ഉപയോഗിച്ച് തട്ടിപ്പ്; പണം നഷ്ടമായത് നിരവധി മലയാളികള്‍ക്ക്; പ്രവാസി എഴുത്തുകാരന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

അരാമെക്സ് കൊറിയറിന്റെ വ്യാജലിങ്ക് ഉപയോഗിച്ച് മലയാളികളുടെ ഉള്‍പ്പെടെ പണം തട്ടുന്ന സംഭവങ്ങള്‍ പതിവായ പശ്ചാത്തലത്തില്‍ പ്രവാസി എഴുത്തുകാരന്‍ അബ്ബാസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. കൊറിയര്‍ പ്രതീക്ഷിച്ചുനില്‍ക്കുന്നവര്‍ക്ക് അരാമെക്‌സിന്റെ വ്യാജ ലിങ്ക് എസ് എം എസ് ആയി അയച്ചുനല്‍കി പണമടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. തന്റെ വ്യക്തിപരമായ അനുഭവം കൂടി പങ്കുവെച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വ്യാപ്തി അബ്ബാസ് തുറന്നുകാട്ടുന്നത്. വിവിധ ബ്രാന്‍ഡുകളുടെ ലോഗോയും വെബ്‌സൈറ്റും വ്യാജമായി നിര്‍മിച്ചാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവാസികളുടെ കൈയ്യില്‍ നിന്നുള്‍പ്പെടെ ഭീമമായ തുക തട്ടുന്നത്. ദുബൈയില്‍ കൊറിയര്‍ ലിങ്ക് വഴി മലയാളിയുടെ കൈയ്യില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.
തട്ടിപ്പുകാര്‍ പല രീതിയിലാണ് നമുക്ക് ചുറ്റും വല വിരിച്ചിരിക്കുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അബ്ബാസിന്റെ കുറിപ്പ്. നമ്മള്‍ വലിയ സാമര്‍ത്ഥ്യക്കാര്‍ ആണെന്നും നമ്മളെ ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ലെന്നും, ഞാന്‍ ആര്‍ക്കും ഒ ടി പി ഷെയര്‍ ചെയ്തിട്ടില്ലല്ലോ എന്നുമൊക്കെ നമ്മള്‍ കരുതുമെങ്കിലും സത്യത്തില്‍ യഥാര്‍ത്ഥ തട്ടിപ്പുകാര്‍ നമ്മുടെ അടുത്ത് എത്താത്തത് കൊണ്ട് മാത്രമാണ് പലപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോകുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക തന്നെ വേണമെന്ന് അബ്ബാസ് ഓര്‍മ്മിപ്പിച്ചു.
അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നാട്ടില്‍ നിന്നും ഒരു ഡോക്യുമെന്റ് കൊറിയര്‍ വരാനുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചിരിക്കുമ്പൊഴാണ് ഒരു SMS വന്നത്. അരാമെക്‌സ് എന്നു കണ്ട് ഓപ്പണ്‍ ചെയ്തപ്പോള്‍ കൊറിയര്‍ ഡെലിവറിക്ക് റെഡിയാണ് ലിങ്കില്‍ പോയി 12 റിയാല്‍ പേ ചെയ്യണം എന്നു പറഞ്ഞു.
കൊറിയര്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നത് കൊണ്ട് ഞാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്തു.
അരാമെക്‌സിന്റെ സൈറ്റ് തന്നെ( ഒറിജിനല്‍ ആയിരുന്നില്ല. ഞാനത് വെരിഫൈ ചെയ്തുമില്ല). QIB ബാങ്കിന്റെ Atm കാര്‍ഡ് വെച്ച് 12 റിയാല്‍ പേ ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം വന്ന SMS കണ്ട് ഞെട്ടി.
അക്കൗണ്ടില്‍ നിന്നും 3100 റിയാല്‍ ആരോ പിന്‍വലിച്ചിരിക്കുന്നു. ഏകദേശം 62000 രൂപ.
പെട്ടെന്ന് തന്നെ ബാങ്കില്‍ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പിറ്റേന്ന് പോയി ATM കാര്‍ഡ് മാറ്റി.
കാശ് പിന്‍വലിച്ചവര്‍ അതുവെച്ചു ക്രിപ്‌റ്റോ കറന്‍സി പര്‍ച്ചേസ് ചെയ്തത് കൊണ്ട് ആവാം, ബാങ്ക് പറഞ്ഞത് കാശ് കിട്ടും, അല്പം സമയം എടുക്കും എന്നാണ്.
ഡിസംബര്‍ 6 നു നഷ്ട്ടമായ കാശ് കഴിഞ്ഞ ആഴ്ച്ച തിരിച്ചു കിട്ടി. അല്‍ഹംദുലില്ലാഹ്.
സമാനമായ രീതിയില്‍ രണ്ടു പേര്‍ക്ക് കാശ് പോയത് ഇതിനിടയില്‍ ന്യുസില്‍ കണ്ടിരുന്നു. മകന് ഓണ്‍ലൈനില്‍ ഡ്രസ് ഓര്‍ഡര്‍ ചെയ്തിരുന്ന ആള്‍ക്ക് അരാമെക്‌സ് ലിങ്ക് വന്നപ്പോള്‍ അയാളും എന്നെപോലെ 17 റിയാല്‍ പേ ചെയ്തു. അടുത്ത നിമിഷം തന്നെ അയാളുടെ അക്കൗണ്ടില്‍ നിന്നും 5.5 ലക്ഷം രൂപക്കുള്ള റിയാല്‍ പോയി. ദുബായില്‍ ആണ് സംഭവം.
പറഞ്ഞു വരുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പല രീതിയിലാണ് നമുക്ക് ചുറ്റും വല വിരിച്ചിരിക്കുന്നത്. നമ്മള്‍ വലിയ സാമര്‍ത്ഥ്യക്കാര്‍ ആണെന്നും നമ്മളെ ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ലെന്നും, ഞാന്‍ ആര്‍ക്കും OTP ഷെയര്‍ ചെയ്തിട്ടില്ലല്ലോ എന്നുമൊക്കെ നമ്മള്‍ കരുതുമെങ്കിലും സത്യത്തില്‍ യഥാര്‍ത്ഥ തട്ടിപ്പുകാര്‍ നമ്മുടെ അടുത്ത് എത്താത്തത് കൊണ്ട് മാത്രമാണ് പലപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോകുന്നത്.
ഫേസ് ബുക്കില്‍ സാധാരണമായിരിക്കുന്ന ഒരു തട്ടിപ്പിനെ കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ധാരണ ഉണ്ടെന്നു തോന്നുന്നു. അതായത് ഏതെങ്കിലും പ്രൊഫൈലില്‍ കയറി അയാളുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അതുവെച്ചു അയാളുടെ അതേ പേരും ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കും.
ശേഷം അയാളുടെ ഫ്രണ്ട്‌സിന് റിക്വസ്റ്റ് അയച്ച ശേഷം മെസഞ്ചറില്‍ ചെന്ന് എനിക്ക് അത്യാവശ്യമായി കുറച്ചു കാശ് വേണം, നാളെ തിരിച്ചു തരാം എന്നു പറയും.
നമ്മുടെ പരിചയത്തിലുള്ള ആളല്ലേ എന്നു കരുതി ചിലരെങ്കിലും ആദ്യ കാലങ്ങളില്‍ കാശ് കൊടുത്തിരിക്കാം. ഇപ്പോ പിന്നെ എല്ലാവരും ഈ തട്ടിപ്പിനെ കുറിച്ച് മനസ്സിലാക്കി എന്നു തന്നെ വേണം കരുതാന്‍.
ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക തന്നെ വേണം.
Story Highlights: facebook post on online fraud in gulf countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here