Advertisement

‘തള്ളിക്കളയാനാകില്ല’; റഷ്യന്‍ ആക്രമണത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് ബൈഡന്‍

February 16, 2022
1 minute Read

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും ബൈഡന്‍ വ്യക്തമാക്കി.

ഒരു വിഭാഗം സൈന്യത്തെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ചെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ എവിടെ നിന്നാണ് സൈന്യം പിന്‍വാങ്ങിയതെന്നോ എത്ര സൈനികര്‍ പിന്‍വാങ്ങിയെന്നോ റഷ്യ വ്യക്തമാക്കാത്തത് കൂടുതല്‍ അനിശ്ചിതത്വത്തിന് വഴിവെക്കുകയാണ്. ഇക്കാര്യത്തില്‍ റഷ്യ വ്യക്തത വരുത്തണമെന്നാണ് യുക്രൈനും പാശ്ചാത്യലോകവും ആവശ്യപ്പെടുന്നത്. യുക്രൈന്‍ അധിനിവേശത്തിന് യാതൊരു പദ്ധതിയുമില്ലെന്ന വാദമാണ് റഷ്യ ആവര്‍ത്തിക്കുന്നത്.

സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പറഞ്ഞെങ്കിലും യുദ്ധ ഭീതിയെ ഇല്ലാതാക്കുന്ന യാതൊരു ശുഭസൂചനയും യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് നാറ്റോയും അമേരിക്കയും വിലയിരുത്തുന്നത്. സൈന്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും മിസൈല്‍ വിന്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും യുഎസുമായും നാറ്റോയുമായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അറിയിച്ചിരുന്നു.

അതിര്‍ത്തിക്ക് സമീപം മോസ്‌കോ 1,30,000 സൈനികരെ വിന്യസിച്ചിരുന്നതായാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റഷ്യ വെടിയുതിര്‍ക്കാതെയാണ് സൈന്യത്തെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു. യുക്രൈന്‍ പ്രതിസന്ധിയില്‍ നയതന്ത്ര പരിഹാരം തേടാന്‍ റഷ്യ തയാറാണെന്ന് പുടിന്‍ അറിയിച്ചു. അതേസമയം റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം ക്രിയാത്മകമായി പ്രതികരിക്കുന്നില്ല.

Story Highlights: joe biden on russia ukraine issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top