ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും

കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി ഹിബാജ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ച് തന്നെയാണ് നാളെയും കേസ് പരിഗണിക്കുക. നാലാം ദിവസവും വാദം തീരാത്ത പശ്ചാത്തലത്തിലാണ് കേസ് നാളെയും പരിഗണിക്കുന്നത്.
ഇടക്കാല ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചത്. ഭൂരിഭാഗം വിദ്യാര്‍ഥികളും മതപരമായ ചിഹ്നങ്ങള്‍ ധരിച്ചുകൊണ്ടാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്താറുള്ളത്. മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് മാത്രം എന്തുകൊണ്ട് ഹിജാബ് ധരിച്ചെത്തിക്കൂടാ എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. രാജ്യത്ത് എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന തരം മതേതരത്വമാണ് നിലനില്‍ക്കുന്നതെന്നും തുര്‍ക്കിഷ് മതേതരത്വത്തിന് സമാനമായ രീതിയല്ല ഭരണഘടന പിന്തുണയ്ക്കുന്നതെന്നും അഭിഭാഷകര്‍ വാദിച്ചു.
വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഓരോ അഭിഭാഷകനും കൃത്യമായ സമയം നല്‍കിക്കൊണ്ടാണ് നാലാം ദിവസത്തെ വാദം ആരംഭിക്കുന്നത്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട റിട്ട് അപേക്ഷകളാണ് നാളെ കോടതി പരിഗണിക്കാനിരിക്കുന്നത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനൊപ്പമുള്ള ഷാളുകള്‍ ശിരോവസ്ത്രമായി ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിലുള്‍പ്പെടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരണമെന്നാണ് കോടതിക്കുമുന്നില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധമാണ് നടന്നുവരുന്നത്. സ്‌കൂളുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളജുകള്‍ തുറന്ന ഇന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. വിവിധ മേഖലകളില്‍ ഇന്ന് പ്രതിഷേധമുണ്ടായി. ഉഡുപ്പി പിയു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.
Story Highlights: karnata hc will continue hearing tomorrow hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here