സ്മൃതി മന്ദനയുടെ ക്വാറന്റീൻ അവസാനിച്ചു; അവസാന ഏകദിനങ്ങളിൽ കളിക്കും

ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയുടെ ക്വാറൻ്റീൻ കാലഘട്ടം അവസാനിച്ചു. ഇതോടെ താരം ന്യൂസീലൻഡിനെതിരെ നടക്കുന്ന അവസാനത്തെ മൂന്ന് ഏകദിനങ്ങളിൽ കളിക്കും. സ്മൃതിയുടെ അഭാവത്തിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചെങ്കിലേ പരമ്പര സ്വന്തമാക്കാനാവൂ. സ്മൃതി തിരികെവരുമ്പോൾ സബ്ബിനേനി മേഘനയാവും പുറത്തുപോവുക.
ടി-20 മത്സരവും ആദ്യ രണ്ട് ഏകദിന മത്സരങ്ങളും സ്മൃതിക്ക് നഷ്ടമായിരുന്നു. സ്മൃതിയുടെ അഭാവത്തിൽ 25കാരിയായ സബ്ബിനേനി മേഘനയാണ് ഷെഫാലിക്കൊപ്പം ഓപ്പണിംഗ് പങ്കാളി ആയത്. ഏകദിനത്തിൽ മേഘനയുടെ അരങ്ങേറ്റമായിരുന്നു ഈ പരമ്പര. പര്യടനത്തിൽ ഷെഫാലി നിരാശപ്പെടുത്തിയെങ്കിലും മേഘന മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ടി-20യിൽ 37 റൺസെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്കോററായ താരം ഏകദിനത്തിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 53 റൺസ് നേടി. രണ്ടാം ഏകദിനത്തിൽ ഫിഫ്റ്റിക്ക് ഒരു റൺ അകലെയാണ് മേഘന പുറത്തായത്. ദേശീയ ടീമിൽ സീനിയർ താരം എന്ന പരിഗണന ഷെഫാലിക്കുള്ളതിനാൽ മോശം ഫോമിലും താരം സ്മൃതിക്കൊപ്പം ഓപ്പണിംഗിൽ തുടരാനാണ് സാധ്യത.
സ്മൃതിക്കൊപ്പം പേസർമാരായ രേണുക സിംഗ്, മേഘന സിംഗ് എന്നിവരും ക്വാറൻ്റീനിൽ നിന്ന് പുറത്തുവന്നു. ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ലെങ്കിലും മൂവരും കൊവിഡ് പോസിറ്റീവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മൂവരും മൂന്നാം ഏകദിനത്തിൽ കളിക്കുന്ന കാര്യം സംശയമാണെന്നും സൂചനയുണ്ട്. താരങ്ങൾ കൊവിഡ് ബാധിതരായിരുന്നതിനാൽ ഇവരുടെ ഫിറ്റ്നസിൽ സംശയമുണ്ടെന്നും ഫിറ്റ്നസ് തെളിയിച്ചെങ്കിൽ മാത്രമേ കളിക്കൂ എന്നുമാണ് റിപ്പോർട്ട്.
Story Highlights: Smriti Mandhana out of quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here