Advertisement

ഐപിഎൽ ടീം വിശകലനം; ഭാവിയിലേക്കുള്ള നിക്ഷേപവുമായി ‘വയസൻ പട’

February 17, 2022
2 minutes Read
ipl chennai super kings

ചെന്നൈ സൂപ്പർ കിംഗ്സ് പതിവു പോലെ മുതിർന്ന താരങ്ങളെയാണ് ടീമിൽ പരിഗണിച്ചത്. അതോടൊപ്പം, ഭാവിയിലേക്കുള്ള നിക്ഷേപമായി കണക്കാക്കാവുന്ന ചില ശ്രദ്ധേയമായ വാങ്ങലുകൾ കൂടി നിലവിലെ ചാമ്പ്യന്മാർ നടത്തി. ലേലത്തിൻ്റെ ആദ്യ ദിവസത്തെ പ്രകടനം വളരെ മോശമായിരുന്നെങ്കിലും രണ്ടാം ദിവസം ചെന്നൈ സ്കോർ ചെയ്തു. (ipl chennai super kings)

14 കോടി രൂപ മുടക്കി ദീപക് ചഹാറിനെ ലേലം കൊണ്ടതാണ് ചെന്നൈയുടെ ഏറ്റവും ഉയർന്ന പർച്ചേസ്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നല്ല പ്രകടനങ്ങൾ നടത്താൻ കഴിവുള്ള താരം തന്നെയാണ് ചഹാർ എങ്കിലും 14 കോടി രൂപ മുടക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഡെവോൺ കോൺവേ, ക്രിസ് ജോർഡൻ, ഡ്വെയിൻ പ്രിട്ടോറിയസ്, രാജവർധൻ ഹങ്കർഗേക്കർ, മഹീഷ് തീക്ഷണ, സിമർജീത് സിംഗ് എന്നിവരാണ് ശ്രദ്ധേയമായ വാങ്ങലുകൾ. ഇവർക്കൊന്നും വേണ്ടി ചെന്നൈക്ക് അത്ര ഉയർന്ന തുക മുടക്കേണ്ടി വന്നതുമില്ല.

ഡെവോൺ കോൺവേ വൈകി വന്ന വസന്തമാണ്. കഴിഞ്ഞ വർഷങ്ങളിൽ മാത്രം അരങ്ങേറി മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന കിവി. രാജ്യാന്തര ടി-20യിൽ 50 ആണ് ശരാശരി. 139 സ്ട്രൈക്ക് റേറ്റ്. ടോപ്പ് ഓർഡറിൽ അവിശ്വസനീയമായ സ്ഥിരതയോടെ കളിക്കുന്ന കോൺവേയെ ചെന്നൈ ലേലം കൊണ്ടത് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക്. വേറെ ഒരു ടീമും കോൺവേയ്ക്കായി ശ്രമിച്ചില്ലെന്നത് അതിശയമാണ്. കോൺവേ ആവും ഋതുരാജിനൊപ്പം ചെന്നൈയ്ക്കായി ഓപ്പൺ ചെയ്യുക. അങ്ങനെയല്ലെങ്കിൽ അത് അമ്പരപ്പിക്കുന്നതാവും.

ക്രിസ് ജോർഡന് ഐപിഎൽ പുതുമയല്ല. രാജ്യാന്തര തലത്തിൽ മികച്ച ഡെത്ത് ഓവർ ബൗളറാണ് ജോർഡൻ. ലോവർ ഓർഡറിൽ തരക്കേടില്ലാതെ ബാറ്റും ചെയ്യും. 74 രാജ്യാന്തര ഇന്നിംഗ്സുകളിൽ നിന്ന് 80 വിക്കറ്റുണ്ട്. 8.66 എക്കോണമി. കൂടുതലും സ്ലോഗ് ഓവറുകളിലാണ് ജോർഡൻ പന്തെറിയുന്നത് എന്നോർക്കണം. 43 ഇന്നിംഗ്സുകളിൽ നിന്ന് 358 റൺസും ജോർഡനുണ്ട്. ഐപിഎലിൽ 24 ഇന്നിംഗ്സുകളിൽ നിന്ന് 25 വിക്കറ്റ്. എക്കോണമി 9.12. രാജ്യാന്തര തലത്തിലെപ്പോലെ മികച്ച പ്രകടനങ്ങൾ ഐപിഎലിൽ നടത്തിയിട്ടില്ലെങ്കിലും 3.60 കോടി രൂപയ്ക്ക് വാങ്ങിയ ജോർഡൻ നല്ല താരം തന്നെയാണ്.

ആളുകൾ അണ്ടറെസ്റ്റിമേറ്റ് ചെയ്യുന്ന താരമാണ് ഡ്വെയിൻ പ്രിട്ടോറിയസ്. വെറും 50 ലക്ഷം രൂപയ്ക്കാണ് ഈ പ്രോട്ടീസ് ഓൾറൗണ്ടറെ ചെന്നൈ ലേലം കൊണ്ടത്. രാജ്യാന്തര ടീമിൽ ഡെത്ത് ഓവർ ബൗളറാണ്. എന്നിട്ടും എക്കോണമി 7.77! 20 ഇന്നിംഗ്സ്. 23 വിക്കറ്റ്. ലോവർ മിഡിൽ ഓർഡറിൽ ഒരു നല്ല ബാറ്റർ കൂടിയാണ് പ്രിട്ടോറിയസ്. 11 ഇന്നിംഗ്സുകളിൽ നിന്ന് 170 സ്ട്രൈക്ക് റേറ്റിൽ 170 റൺസാണ് താരത്തിനുള്ളത്. ബ്രാവോയുടെ പകരക്കാരനായി ചെന്നൈ കണ്ടെത്തിയ താരമാണ്. പെർഫക്ട് റീപ്ലേസ്മെൻ്റ് എന്ന് പറയണം. ചെന്നൈയുടെ ഏറ്റവും നല്ല പർച്ചേസ്. സീസണിൽ ചെന്നൈക്കായി ഏറ്റവും നല്ല പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാവും പ്രിട്ടോറിയസ്.

Read Also : ഐപിഎൽ ടീം വിശകലനം; കരുത്തോടെ ഡൽഹി

അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ അനായാസം പടുകൂറ്റൻ സിക്സറുകൾ കളിക്കുന്ന 19കാരൻ ഐപിഎൽ ടീമുകളുടെ റഡാറിൽ പതിഞ്ഞിരുന്നു. ലേലത്തിൽ മുംബൈയും ലക്നൗവും അവനു വേണ്ടി വാശിയോടെ ലേലം വിളിച്ചെങ്കിലും ചെന്നൈ വിട്ടുകൊടുത്തില്ല. ഒന്നരക്കോടി രൂപയ്ക്ക് പയ്യൻ ടീമിൽ. സ്ഥിരമായി 140 കിലോമീറ്റർ വേഗതയ്ക്ക് മുകളിൽ പന്തെറിയുന്ന, ലോവർ ഓർഡറിൽ അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാൻ കഴിയുന്ന താരമാണ് ഹങ്കർഗേക്കർ. തീർച്ചയായും ഭാവിയിലേക്കുള്ള നിക്ഷേപം.

ശ്രീലങ്ക ഉത്പാദിപ്പിച്ച മിസ്റ്ററി സ്പിന്നർ എന്ന ഗണത്തിലെ ഏറ്റവും പുതിയ പേരാണ് മഹീഷ് തീക്ഷണ. പവർപ്ലേയിലും ഡെത്തിലുമടക്കം പന്തെറിയുന്ന തീക്ഷണയുടെ എക്കോണമി 6.5. ഐപിഎലിൽ കളിച്ചിട്ടില്ല. പക്ഷേ, കഴിഞ്ഞ ടി-20 ലോകകപ്പിൽ കളിച്ചു. 7 മത്സരം. 5.78 എക്കോണമി. 8 വിക്കറ്റ്. തീക്ഷണയും ഭാവിയിലേക്കുള്ള നിക്ഷേപമാണ്. കൊൽക്കത്ത മാത്രമാണ് തീക്ഷണയിൽ താത്പര്യം കാണിച്ചത്. അതും ഏറെ അതിശയിപ്പിച്ചു.

സിമർജീത് സിംഗ് കഴിഞ്ഞ സീസണിൽ തന്നെ ഐപിഎൽ കളിക്കേണ്ട താരമായിരുന്നു. സ്ഥിരമായി 140 കിലോമീറ്ററിനു മുകളിൽ പന്തെറിയുന്ന സിമർജീത് ഇന്ത്യയുടെയും ഡൽഹി ക്യാപിറ്റൽസിൻ്റെയും നെറ്റ് ബൗളറായിരുന്നു. ആഭ്യന്തര ടി-20യിൽ 7.45 എക്കോണമിയിൽ 20 ഇന്നിംഗ്സുകളിൽ നിന്ന് 24 വിക്കറ്റുണ്ട് താരത്തിന്. വെറും 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച സിമർജീതും നല്ല പർച്ചേസാണ്.

മലയാളി പേസർ കെഎം ആസിഫ്, തുഷാർ ദേശ്പാണ്ഡെ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, മിച്ചൽ സാൻ്റ്നർ, ശിവം ദുബെ, ഹരി നിശാന്ത് നാരായൺ ജഗദീശൻ തുടങ്ങി മികച്ച താരങ്ങളും ചെന്നൈയിലുണ്ട്.

Story Highlights: ipl team analysis chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top